പാരീസ്: ആദ്യമായി ഒരു വനിതാ താരം ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ വേദിയില്‍ അതിനു പിന്നാലെ വിവാദവും. മികച്ച വനിതാ ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ നോര്‍വീജിയന്‍ ഫുട്‌ബോള്‍ താരമായ അഡ ഹെഗര്‍ബര്‍ഗിനോട് വേദിയില്‍ വെച്ച് അവതാരകന്‍ മോശമായി പെരുമാറിയതാണ് വിവാദമായത്.
പുരസ്‌കാരം സ്വീകരിച്ച ശേഷം മടങ്ങാനൊരുങ്ങിയ താരത്തോട് അവതാരകന്‍ ഡിജെ മാര്‍ട്ടിന്‍ സോള്‍വെഗ് 'ട്വെര്‍ക്ക്' ( ലൈംഗിക ചുവയുള്ള ഒരുതരം നൃത്തം) ചെയ്യാന്‍ അറിയുമോ എന്ന ചോദിക്കുകയും നൃത്തം ചെയ്യാന്‍ ക്ഷണിക്കുകയുമായിരുന്നു. അവതാരകന്റെ ആവശ്യം കേട്ട് ഞെട്ടിയ അഡ, ഉടന്‍ തന്നെ ആവശ്യം നിരസിക്കുകയും വേദി വിടുകയും ചെയ്തു.
താരത്തെ ലൈംഗിക ചുവയുള്ള നൃത്തം ചെയ്യാന്‍ താരത്തെ ക്ഷണിച്ച ഡിജെ മാര്‍ട്ടിനെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഒരു ഫുട്‌ബോള്‍ താരം ചരിത്രത്തിന്റെ ഭാഗമായി മാറുന്ന വേദിയില്‍ ഇത്തരത്തിലുള്ള ഒരു ചോദ്യത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരും ചോദിക്കുന്നത്.
അതേസമയം, ഡിജെ മാര്‍ട്ടിന്റെ ആവശ്യം നിരസിച്ച അഡയുടെ മുഖത്ത് അമര്‍ഷവും ദുഃഖവും വ്യക്തമായിരുന്നു. വിമര്‍ശനങ്ങള്‍ വര്‍ധിച്ചതോടെ മാപ്പപേക്ഷയുമായി ഡിജെ മാര്‍ട്ടിന്‍ തന്നെ രംഗത്തെത്തി. താന്‍ ട്വെര്‍ക്ക് ചെയ്യാനല്ല അഡയെ ക്ഷണിച്ചതെന്നായിരുന്നു മാര്‍ട്ടിന്റെ വിശദീകരണം. മറ്റൊരു പാട്ടിന് ചുവടുവെയ്ക്കാനാണ് പറഞ്ഞത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.
ഇതാദ്യമായാണ് വനിതാ ഫുട്‌ബോള്‍ താരത്തിന് ബാലണ്‍ദ്യോര്‍ പുരസ്‌കാരം ലഭിക്കുന്നത്. ഒളിമ്പിക് ലിയോണൈസ് ക്ലബ്ബിന്റെ സ്‌ട്രൈക്കറാണ് അഡ. ഫ്രഞ്ച് ഡിവിഷന്‍ ഒന്നില്‍ പത്ത് കളികളില്‍ നിന്ന് പത്ത് ഗോള്‍ നേടിയ താരം വനിതകളുടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നാലു മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകള്‍ നേടിയിരുന്നു. 22-കാരിയായ അഡ. കഴിഞ്ഞ സീസണിലാകെ 47 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
Content Highlights: first womens ballon dor winner ada hegerberg asked to twerk