പാംപ്ലോണ: ലാ ലിഗയില്‍ ബാഴ്സലോണയെ സമനിലയില്‍ പിടിച്ച് ഒസാസുന. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി. സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സയ്‌ക്കെതിരേ ഒസാസുനയാണ് ആദ്യം മുന്നിലെത്തിയത്. ഏഴാം മിനിറ്റില്‍ റോബര്‍ട്ടോ ടോറസാണ് സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ ഒസാസുന ഒരു ഗോളിനു മുന്നിലായിരുന്നു.
51-ാം മിനിറ്റില്‍ 16 കാരന്‍ അന്‍സു ഫാറ്റിയുടെ ഗോളിലൂടെ ബാഴ്‌സ ഒപ്പമെത്തി. പെരസിന്റെ ക്രോസില്‍ നിന്നായിരുന്നു ഫാറ്റിയുടെ ഗോള്‍. ബാഴ്‌സയ്ക്കായി താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. ബാഴ്സയ്ക്കു വേണ്ടി ലാ ലിഗയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഫാറ്റി സ്വന്തമാക്കി.
64-ാം മിനിറ്റില്‍ അര്‍തര്‍ മെലോയുടെ ഗോളിലൂടെ ബാഴ്സ ലീഡുയര്‍ത്തി. എന്നാല്‍ 81-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ടോറസ് ഒസാസുനയെ ഒപ്പമെത്തിച്ചു. മത്സരത്തില്‍ ടോറസിന്റെ രണ്ടാം ഗോള്‍. മൂന്നു മത്സരങ്ങളില്‍ നിന്ന് നാലു പോയന്റുമായി ഏഴാം സ്ഥാനത്താണ് ബാഴ്‌സ.
Content Highlights: FC Barcelona held draw at Osasuna