ആഴ്‌സണലിന് വിജയം; യുണൈറ്റഡിന് സമനില


ഗ്രൂപ്പ് എഫ് മത്സരത്തിലാണ് ആഴ്സണല്‍ സ്റ്റാന്‍ഡേര്‍ഡ് ലിഗയെ തോല്‍പ്പിച്ചത് (4-0)

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ആഴ്സണല്‍, വോള്‍വ്സ്, കെല്‍റ്റിക്, ഫെയ്നൂര്‍ദ് ടീമുകള്‍ക്ക് ജയം. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, എ.എസ്. റോമ ടീമുകള്‍ സമനിലയില്‍ കുരുങ്ങിയപ്പോള്‍ എഫ്.സി. പോര്‍ട്ടോ തോറ്റു.

ഗ്രൂപ്പ് എഫ് മത്സരത്തിലാണ് ആഴ്സണല്‍ സ്റ്റാന്‍ഡേര്‍ഡ് ലിഗയെ തോല്‍പ്പിച്ചത് (4-0). യുവതാരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഇരട്ടഗോളാണ് വിജയത്തില്‍ നിര്‍ണായകമായത്. ജോ വില്ലോക്ക്, ഡാനി സെബല്ലോസ് എന്നിവരും സ്‌കോര്‍ ചെയ്തു.

ഗ്രൂപ്പ് എല്ലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഡച്ച് ക്ലബ്ബ് എ.ഇസഡ് അല്‍ക്മാറാണ് ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും തൊടുക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബിനായില്ല. മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ വോള്‍വ്സ് ബെസിക്റ്റസിനെ തോല്‍പ്പിച്ചു (1-0). വില്ലി ബോളി വിധിനിര്‍ണയിച്ച ഗോള്‍ നേടി.

ഇറ്റാലിയന്‍ കരുത്തന്‍ റോമയെ ജര്‍മന്‍ ക്ലബ്ബ് വോള്‍വ്സ് ബര്‍ഗാണ് സമനിലയില്‍ കുരുക്കിയത് (1-1). ലിയനാര്‍ഡോ സ്പിനാസോള റോമയ്ക്കായും മൈക്കല്‍ ലെയ്ന്‍ഡല്‍ വോള്‍വ്സ് ബര്‍ഗിനായും ഗോള്‍ നേടി. ഗ്രൂപ്പ് എ-യില്‍ സെവിയ അപോയല്‍ നിക്കോഷ്യയെ കീഴടക്കി (1-0). ഹാവിയര്‍ ഹെര്‍ണാണ്ടസ് വിജയഗോള്‍ നേടി.

പോര്‍ച്ചുഗല്‍ ക്ലബ്ബ് പോര്‍ട്ടോയെ ഡച്ച് ക്ലബ്ബ് ഫെയ്നൂര്‍ദാണ് കീഴടക്കിയത് (2-0). ജെന്‍സ് ടൂര്‍ന്‍സ്ട്ര, റിക്ക് കാര്‍സ്ഡ്രോപ് എന്നിവര്‍ വിജയികള്‍ക്കായി ലക്ഷ്യംകണ്ടു. സ്‌കോട്ടിഷ് ക്ലബ്ബ് കെല്‍റ്റിക് സി.എഫ്.ആര്‍. ക്ലുജിനെ തോല്‍പ്പിച്ചു (2-0). ഒഡ്സോന എഡ്വാര്‍ഡ്, മുഹമ്മദ് എല്‍ഡയൂനൗസി എന്നിവര്‍ ഗോള്‍ നേടി.

മറ്റ് മത്സരങ്ങളില്‍ എസ്പാന്യോള്‍ സി.എസ്.കെ.എ. മോസ്‌കോയെയും (2-0) സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ലാസ്‌കിനെയും (2-1), ലാസിയോ റെന്നസിനെയും (2-1), പി.എസ്.വി. ഐന്തോവന്‍ റോസന്‍ബോര്‍ഗിനെയും (4-1) തോല്‍പ്പിച്ചു.

Content Highlights: Europa League Football Arsenal Manchester United

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram