ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തിലെ ആദ്യദിനം അധികമാരും ശ്രദ്ധിക്കാതിരുന്ന മത്സരമായിരുന്നു ഓസ്ട്രിയന്‍ ക്ലബ്ബ് റെഡ്ബുള്‍ സാല്‍സ്ബര്‍ഗും ബെല്‍ജിയം ക്ലബ്ബ് ഗെന്‍കും തമ്മിലുള്ള പോരാട്ടം. എന്നാല്‍ എട്ടു ഗോളുകള്‍ പിറന്ന ആ മത്സരമായിരുന്നു ആദ്യ ദിനത്തിലെ ആവേശകരമായ മത്സരങ്ങളിലൊന്ന്.
റെഡ്ബുള്‍ സാല്‍സ്ബര്‍ഗിന്റെ നോര്‍വീജിയന്‍ സ്‌ട്രൈക്കറായ എര്‍ലിങ് ബ്രൗട്ട് ഹാലന്‍ഡ് എന്ന 19-കാരനാണ് ഈ മത്സരം ആവേശകരമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരാള്‍. ചൊവ്വാഴ്ച നടന്നത് ഹാലന്‍ഡിന്റെ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റമായിരുന്നു. മത്സരത്തില്‍ ഹാട്രിക്ക് നേടി ഈ പയ്യന്‍ റെക്കോഡ് ബുക്കിലും പേരു ചേര്‍ത്തു.
വെയ്ന്‍ റൂണിക്കു ശേഷം ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റത്തില്‍ ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹാലന്‍ഡ്. 2004-ലായിരുന്നു റൂണിയുടെ നേട്ടം. മത്സരം തുടങ്ങി 102-ാം സെക്കന്‍ഡില്‍ തന്നെ ഹാലന്‍ഡ്, ഗെന്‍ക് വലകുലുക്കി. തുടര്‍ന്ന് 34, 45 മിനിറ്റുകളിലും സ്‌കോര്‍ ചെയ്ത ഹാലന്‍ഡ് ആദ്യ പകുതിയില്‍ തന്നെ ഹാട്രിക്കും തികച്ചു. ഹാലന്‍ഡിന്റെ മികവില്‍ രണ്ടിനെതിരേ ആറു ഗോളുകള്‍ക്കാണ് സാല്‍സ്ബര്‍ഗ്, ഗെന്‍കിനെ തകര്‍ത്തത്.
മാഞ്ചെസ്റ്റര്‍ സിറ്റിയുടെയും ലീഡ്‌സ് യുണൈറ്റഡിന്റെയും മുന്‍ താരമായിരുന്ന ആല്‍ഫി ഹാലന്‍ഡിന്റെ മകനാണ് എര്‍ലിങ് ബ്രൗട്ട് ഹാലന്‍ഡ് എന്ന ഈ പയ്യന്‍.
ഈ സീസണില്‍ ഇതുവരെ സാല്‍സ്ബര്‍ഗിനായി ഒമ്പത് മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ സ്‌കോര്‍ ചെയ്തു കഴിഞ്ഞു ഈ 19-കാരന്‍. നോര്‍വെയുടെ അണ്ടര്‍ 20 ടീമില്‍ അംഗമായ ഹാലന്‍ഡ് കഴിഞ്ഞ അണ്ടര്‍ 20 ലോകകപ്പില്‍ ഹോണ്ടുറാസിനെതിരേ നടന്ന മത്സരത്തില്‍ നോര്‍വെയ്ക്കായി ഒമ്പത് ഗോളുകളാണ് അടിച്ചുകൂട്ടിയത്.
Content Highlights: Erling Braut Haaland, the Norwegian ripping up the record books