ലണ്ടന്‍: ഒടുവില്‍ സിറ്റി വീണു. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് ഫുട്‌ബോളില്‍ സീസണിലാദ്യമായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ഞായറാഴ്ച്ച രാത്രി നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ 4-3ന് സിറ്റിയെ തോല്‍പ്പിച്ചു.
അലെക്‌സ് ഓക്‌സ്‌ലെഡ് ചേമ്പെര്‍ലെയ്ന്‍, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ, മുഹമ്മദ് സലാഹ് എന്നിവരാണ് ചെമ്പടയുടെ ഗോളുകള്‍ നേടിയത്.ലിറോയ് സാനെ, ഡേവിഡ് സില്‍വ, ഇല്‍ക ഗുണ്ടോഗന്‍ എന്നിവര്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തു. സീസണില്‍ ഇതുവരെ 20 മത്സരങ്ങള്‍ ജയിച്ച സിറ്റി രണ്ടു കളിയില്‍ സമനിലയില്‍ കുരുങ്ങി.
പ്രീമിയര്‍ ലീഗിലെ മറ്റു മത്സരങ്ങളില്‍ ടോട്ടനം (4-0) എവര്‍ട്ടണിനെ തോല്‍പ്പിച്ചപ്പോള്‍ ബേണ്‍മൗത്തിനോട് ആഴ്‌സണല്‍ തോറ്റു. ടോട്ടനത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുകയെന്ന ടെഡ്ഡി ഷെറിങ്ങാമിന്റെ റെക്കോഡ് മത്സരത്തിലെ ഇരട്ടഗോളോടെ കെയ്ന്‍ സ്വന്തം പേരിലാക്കി.
ടോട്ടനത്തിനായി കെയ്ന്‍ ഇതുവരെ 98 ഗോള്‍ നേടി. മത്സരത്തില്‍ 47, 59 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകള്‍. ഹ്യൂങ് മിന്‍ സണ്‍ (26), ക്രിസ്റ്റ്യന്‍ എറിക്സണ്‍ (81) എന്നിവരുടെ വകയായിരുന്നു മറ്റുഗോളുകള്‍.
തോറ്റെങ്കിലും സിറ്റി തന്നെയാണ് ലീഗില്‍ ഒന്നാമത്. 23 മത്സരങ്ങളില്‍ 62 പോയന്റാണ് സിറ്റിക്കുള്ളത്. ജയത്തോടെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തെത്തി. 23 മത്സരങ്ങളില്‍ 47 പോയിന്റാണ് സമ്പാദ്യം. 47 പോയിന്റ് വീതമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാമതും ചെല്‍സി നാലാമതുമാണ്.