ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും സമനിലയില്‍ കുരുങ്ങിയപ്പോള്‍ ലാ ലിഗയില്‍ വിജയത്തോടെ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സത്തില്‍ ആസ്റ്റണ്‍ വില്ലയോട് 2-2നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില വഴങ്ങിയത്.
11-ാം മിനിറ്റില്‍ ജാക് ഗ്രീലിഷിന്റെ ഗോളില്‍ ആസ്റ്റണ്‍ വില്ല ലീഡെടുത്തു. 42-ാം മിനിറ്റില്‍ യുണൈറ്റഡ് ഒപ്പമെത്തി. മാര്‍ക്കസ് റാഷ്‌ഫോഡിന്റെ ഹെഡ്ഡര്‍ ആസ്റ്റണ്‍ വില്ലയുടെ ഗോള്‍കീപ്പര്‍ ഹീറ്റന്റെ ദേഹത്തുതട്ടി വലയിലെത്തുകയായിരുന്നു. 64-ാം മിനിറ്റില്‍ വിക്ടര്‍ ലണ്ടലോഫിലൂടെ യുണൈറ്റഡ് 2-1ന് മുന്നിലെത്തി. എന്നാല്‍ ഈ ലീഡിന് രണ്ട് മിനിറ്റ് ആയുസേ ഉണ്ടായിരുന്നുള്ളു. മിങ്‌സിന്റെ ഗോളിലൂടെ ആസ്റ്റണ്‍ വില്ല ഒപ്പമെത്തി.
അതേസമയം പരിശീലകന്‍ മാറിയിട്ടും ആഴ്‌സണലിന് രക്ഷയില്ല. നോര്‍വിച്ചിനെ നേരിട്ട ആഴ്‌സണലിന് 2-2ന് സമനിലയില്‍ പിരിയേണ്ടി വന്നു. പുതിയ കോച്ച് ഫ്രഡി ലൂങ്‌ബെര്‍ഗിന് കീഴില്‍ ആദ്യ വിജയത്തിനായി ആഴ്‌സണലിന് ഇനിയും കാത്തിരിക്കണം.
മത്സരത്തിന്റെ 20-ാം മിനിറ്റില്‍ തീമു പുക്കിയിലൂടെ നോര്‍വിച്ച് ലീഡെടുത്തു. പിന്നീട് ഗ്രൗണ്ടില്‍ കണ്ടത് നാടകീയ സംഭവങ്ങളാണ്. 26-ാം മിനിറ്റില്‍ ബോക്‌സില്‍ ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് റഫറി ആഴ്‌സണലിന് പെനാല്‍റ്റി വിധിച്ചു. ഒബാമയാങ്ങിന്റെ കിക്ക് ഗോളി ടിം ക്രുവല്‍ തടുത്തിട്ടു. എന്നാല്‍ റഫറി പെനാല്‍റ്റി റീ ടേക്ക് ആവശ്യപ്പെട്ടു. ടിം ക്രുവല്‍ ഗോള്‍ ലൈനിന് മുന്നിലേക്ക് വന്നതാണ് കാരണം. രണ്ടാമത്തെ കിക്ക് ഒബാമയാങ്ങിന് പിഴച്ചില്ല. ആഴ്‌സണല്‍ ഒപ്പമെത്തി.
എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് നോര്‍വിച്ച വീണ്ടും ലീഡെടുത്തു. ടൊഡ് കാന്റവല്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി. ഈ ഗോളിന് 57-ാം മിനിറ്റില്‍ ആഴ്‌സണല്‍ മറുപടി നല്‍കി. കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം മുതലെടുത്ത് ഒബാമയാങ് തന്നെയാണ് ആഴ്‌സണലിനെ ഒപ്പമെത്തിച്ചത്. പിന്നീട് ഇരുടീമുകഴളും വിജയഗോളിനായി ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.
അതേസമയം ലാ ലിഗയില്‍ ബാഴ്‌സലോണ ലയണല്‍ മെസ്സിയുടെ ഗോളില്‍ വിജയം നേടി. അത്‌ലറ്റിക്കോ മാഡ്രിഡിനെ 86-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ വിജയഗോള്‍. ഇതോടെ 14 മത്സരങ്ങള്‍ക്ക് ശേഷം 31 പോയിന്റുമായി ബാഴ്‌സ ഒന്നാമതെത്തി. റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
Content Highlights: EPL La Liga 2019 Arsenal Manchester United Barcelona