ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും തകര്‍പ്പന്‍ വിജയം. ലിവര്‍പൂള്‍ എതിരില്ലാത്ത നാല് ഗോളിന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ ന്യൂകാസിലിനെതിരേ 4-1നായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. വിജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 13 പോയിന്റിന്റെ വ്യക്തമായ ലീഡ് നിലനിര്‍ത്താനായി.
ഇരട്ട ഗോളുകള്‍ നേടിയ ഫിര്‍മിനോയും കളം നിറഞ്ഞുകളിച്ച അലക്സാണ്ടര്‍ അര്‍ണോള്‍ഡുമാണ് ലിവര്‍പൂളിന്റെ വിജയം അനായാസാമാക്കിയത്. 31,74 മിനിറ്റുകളിലായിരുന്നു ഫിര്‍മിനോയുടെ ഗോളുകള്‍. 71-ാം മിനിറ്റില്‍ മില്‍നര്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. 78-ാം മിനിറ്റില്‍ അര്‍നോള്‍ഡ് ലിവര്‍പൂളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ഓള്‍ഡ് ട്രാഫോഡില്‍ ന്യൂകാസിലിനെതിരേ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചടി. 17-ാം മിനിറ്റില്‍ ലോങ്സ്റ്റാഫിലൂടെ ന്യൂകാസില്‍ ലീഡെടുത്തു. ഗോള്‍ വഴങ്ങിയതോടെ യുണൈറ്റഡ് ഉണര്‍ന്നു. ഒന്നിനും പിറകെ ഒന്നായി ഗോളുകള്‍ വന്നു. മാര്‍ഷ്യലിലൂടെ സമനില ഗോളെത്തി. 36-ാം മിനിറ്റില്‍ ഗ്രീന്‍വുഡിന്റെ ബുള്ളറ്റ് ഷോട്ടിലൂടെ ലീഡെടുത്തു. 41-ാം മിനിറ്റില്‍ റാഷ്ഫോഡിന്റെ ഹെഡര്‍. ഇതോടെ ആദ്യ പകുതിയില്‍ യുണൈറ്റഡ് 3-1ന് മുന്നിലെത്തി.
രണ്ടാം പകുതിയില്‍ ഒരിക്കല്‍ കൂടി മാര്‍ഷ്യല്‍ വല ച ലിപ്പിച്ചു. ഇതോടെ യുണൈറ്റഡിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. വിജയത്തോടെ ലീഗില്‍ 28 പോയിന്റുമായി യുണൈറ്റഡ് ഏഴാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ ആഴ്സണലിനെ ബേണ്‍മൗത്ത് സമനിലയില്‍ പിടിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
Content Highlights: EPL 2019-2020 Liverpool Manchester United