ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം കനക്കുന്നതിനിടെ വിജയവുമായി രക്ഷപ്പെട്ട് ചെല്‍സിയും ലിവര്‍പൂളും. ടോട്ടനത്തിനെതിരായ മത്സരത്തില്‍ 90-ാം മിനിറ്റിലെ സെല്‍ഫ് ഗോളിലാണ് ലിവര്‍പൂള്‍ വിജയിച്ചതെങ്കില്‍ റഫറിയിങ്ങിലെ പിഴവുകളാണ് ചെല്‍സിക്ക് തുണയായത്. ലിവര്‍പൂള്‍ 2-1ന് ടോട്ടനത്തെ പരാജയപ്പെടുത്തിയപ്പോള്‍ ഇതേ സ്‌കോറിന് കാര്‍ഡിഫ് സിറ്റിക്കെതിരേ ചെല്‍സിയും വിജയം കണ്ടു.
മികച്ച കളി പുറത്തെടുത്ത കാര്‍ഡിഫ് സിറ്റി വിക്ടര്‍ കാമറാസിലൂടെ 46-ാം മിനിറ്റില്‍ ലീഡെടുത്തു. എന്നാല്‍ 84-ാം മിനിറ്റില്‍ സെസാര്‍ അസ്പിലിക്യൂട്ട ചെല്‍സിയെ ഒപ്പമെത്തിച്ചു. ആ ഗോള്‍ ക്ലിയര്‍ ഓഫ്‌സൈഡായിരുന്നു. പക്ഷേ റഫറി ഗോള്‍ അനുവദിച്ചു. സ്‌കോര്‍ 1-1ല്‍ നില്‍ക്കേ ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്ന ഫൗള്‍ നടത്തിയ ചെല്‍സി താരം റൂഡിഗറിന് റഫറി മഞ്ഞക്കാര്‍ഡ് മാത്രം നല്‍കിയത് മത്സരഫലത്തില്‍ നിര്‍ണായകമായി. പിന്നീട് ഇഞ്ചുറി ടൈമില്‍ ചെല്‍സിയുടെ വിജയഗോളെത്തി. 91-ാം മിനിറ്റില്‍ ലോഫ്റ്റസ് ചീക്കായിരുന്നു ഗോള്‍ സ്‌കോറര്‍.
റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ 16-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡെടുത്തു. 70-ാം മിനിറ്റില്‍ ടോട്ടനം ഇതിന് മറുപടി നല്‍കി. ലൂക്കാസ് മൗറയായിരുന്നു ഗോള്‍ സ്‌കോറര്‍. മത്സരം സമനിലയിലേക്ക് നീങ്ങവെ 90-ാം മിനിറ്റില്‍ ടോട്ടനത്തെ നിര്‍ഭാഗ്യം പിടികൂടി. ടോബി ആല്‍ഡെര്‍വെയേല്‍ഡിന്റെ സെല്‍ഫ് ഗോളില്‍ വിജയം ലിവര്‍പൂളിനൊപ്പം നിന്നു.
32 മത്സരങ്ങളില്‍ നിന്ന് 79 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്താണ്. 77 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. 31 മത്സരങ്ങളില്‍ 60 പോയിന്റുമായി ചെല്‍സി ആറാം സ്ഥാനത്ത് തുടരുകയാണ്.
Content Highlights: EPL 2019 Chelsea and Liverpool Win