ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്നിലുള്ള മാഞ്ചെസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ശനിയാഴ്ച രാത്രി സിറ്റി ബേണ്‍ലിയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. അവസാന മിനിറ്റുവരെ ആവേശം നീണ്ടുനിന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്-ചെല്‍സി പോരാട്ടം സമനിലയില്‍ പിരിഞ്ഞു (2-2). അതേസമയം ടോട്ടനം വെസ്റ്റ് ഹാമിനെ (1-0) തോല്‍പിച്ചു. ഹഡേഴ്‌സ്ഫീല്‍ഡിനെതിരെ ഒറ്റ ഗോളിനായിരുന്നു ലിവര്‍പൂളിന്റെ വിജയം.
പോയന്റ് പട്ടികയില്‍ മുന്നിലുള്ള സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ബേണ്‍ലിയെ നിലംപരിശാക്കി. അഗ്യൂറോ (17), സില്‍വ (54), ഫെര്‍ണാണ്ടീന്യോ (56), റിയാദ് മെഹ്‌റസ് (83), ലിറോയ് സാനെ (90) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ 21-ാം മിനിറ്റില്‍ അന്റോണിയോ റുഡിഗറുടെ ഗോളില്‍ ചെല്‍സി മുന്നിലെത്തി. 55, 73 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത് ആന്റണി മാര്‍ഷ്യല്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍, കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയിരിക്കേ ബാര്‍ക്ലി ചെല്‍സിക്ക് ജയത്തിന് തുല്യമായ സമനില സമ്മാനിച്ചു.
മറ്റു മത്സരങ്ങളില്‍ കാര്‍ഡിഫ് സിറ്റി (4-2) ഫുള്‍ഹാമിനെയും വാറ്റ്ഫഡ് (2-0) വോള്‍വര്‍ഹാമിനെയും തോല്‍പ്പിച്ചു. ബേണ്‍മത്ത്-സതാംപ്ടണ്‍ മത്സരം സമനിലയില്‍ പിരിഞ്ഞു (0-0). ഒമ്പതു കളിയില്‍ 23 പോയന്റുമായി സിറ്റി ഒന്നാംസ്ഥാനത്തും 21 പോയന്റുമായി ചെല്‍സി രണ്ടാം സ്ഥാനത്തും തുടരുന്നു.
Content Highlights: EPL 2018 Manchester United Chelsea Manchester City Liverpool
Share this Article
Related Topics