ലണ്ടന്‍: ഗോള്‍മഴയില്‍ മുങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍. ശനിയാഴ്ച ആറുകളിയില്‍നിന്ന് 20 ഗോളാണ് പിറന്നത്. ലിവര്‍പൂള്‍ ഒഴികെയുള്ള വമ്പന്‍ ടീമുകള്‍ വന്‍ജയവും നേടി.
ലിവര്‍പൂളിനെ മാഞ്ചെസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് മുക്കിയപ്പോള്‍ ആഴ്സനല്‍ ബേണ്‍മത്തിനേയും (3-0), ടോട്ടനം ഹോട്സ്പര്‍ (3-0), ചെല്‍സി ലെസ്റ്റര്‍സിറ്റിയെയും (2-1) കീഴടക്കി. സതാംപ്ടണിനെ വാറ്റ്ഫഡും (2-0) ബ്രൈട്ടന്‍ ഹോവ് ആല്‍ബിയോണ്‍ വെസ്റ്റ് ബ്രോംവിച്ചിനെയും (3-1) അട്ടിമറിച്ചു.
ലിവര്‍പൂളിനെതിരെ സിറ്റിക്കായി ഗബ്രിയല്‍ ജീസസ് (45, 53), ലിറോയ് സാനെ (77, 90) എന്നിവര്‍ ഇരട്ടഗോള്‍ നേടി. ഒരു ഗോള്‍ സെര്‍ജിയോ അഗ്യൂറോയുടെ വകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ 124-ാം ഗോള്‍ നേടിയ അഗ്യൂറോ യൂറോപ്പിന് പുറത്തുനിന്നുള്ള താരങ്ങളില്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി. 37-ാം മിനിറ്റില്‍ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്സണെ ചവിട്ടിയതിന് സാദിയോ മാനെ ചുവപ്പ് കാര്‍ഡ് ലിവര്‍പൂളിന് തിരിച്ചടിയായത്.
ബേണ്‍മത്തിനെതിരെ ആഴ്സനലിനായി ഡാനി വെല്‍ബെക്ക് ഇരട്ടഗോള്‍ (6, 50) നേടി. അലസാന്‍ഡ്രെ ലക്കാസെറ്റ (27) യും ലക്ഷ്യം കണ്ടു. അല്‍വാരോ മൊറാട്ട (41) എന്‍ഗോള കാന്റെ (50) എന്നിവരുടെ ഗോളിലാണ് ചെല്‍സി ലെസ്റ്റര്‍സിറ്റിയെ തോല്‍പ്പിച്ചത്. ജെയ്മി വാര്‍ഡി പെനാല്‍റ്റിയിലൂടെ (62) ലെസ്റ്ററിന്റെ ഗോള്‍ നേടി. സൂപ്പര്‍താരം ഹാരി കെയ്ന്‍ നേടിയ ഇരട്ടഗോളും (28, 46) ക്രിസ്റ്റ്യന്‍ എറിക്സന്റെ ഗോളുമാണ് എവര്‍ട്ടണിനെതിരെ ടോട്ടനത്തിന് വിജയം സമ്മാനിച്ചത്.