ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തിരശ്ശീല വീഴാനിരിക്കെ നിര്‍ണായക മത്സരത്തില്‍ ലിവര്‍പൂള്‍ വിജയിച്ചപ്പോള്‍ കിരീടത്തിനായി മുന്‍പന്തിയിലുള്ള ചെല്‍സിക്ക് അടിപതറി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ എവര്‍ട്ടനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്.
എട്ടാം മിനിറ്റില്‍ സാദിയോ മാനെയാണ് ലിവര്‍പൂളിന്റെ ആദ്യഗോള്‍ നേടിയത്. ഫിലിപ്പെ കുടീേന്യാ (31), ഡിവോക് ഒറിഗി (60) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഇരുപതാം മിനിറ്റില്‍ മാത്യു പെന്നിങ്ടണ്‍ എവര്‍ട്ടന്റെ ആശ്വാസഗോള്‍ നേടി. ഇതോടെ 30 മത്സരങ്ങള്‍ കളിച്ച ലിവര്‍പൂള്‍ 59 പോയന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറി
അതേ സമയം ലീഗില്‍ മുന്നിലുള്ള ചെല്‍സിയെ ക്രിസ്റ്റല്‍ പാലസ് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. കളിയുടെ ആദ്യ 11 മിനിറ്റില്‍ വന്ന മൂന്നു ഗോളുകളാണ് മത്സരഫലം നിര്‍ണയിച്ചത്. അഞ്ചാം മിനിറ്റില്‍ ഫാബ്രിഗസിന്റെ ഗോളിലൂടെ ചെല്‍സിയാണ് ഒന്നാമതെത്തിയത്. എന്നാല്‍ ചെല്‍സിയുടെ മുന്‍തൂക്കത്തിന് നാല് മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നൂള്ളു.
ഒമ്പതാം മിനിറ്റില്‍ സാഹയിലൂടെ ക്രിസ്റ്റല്‍ പാലസ് സമനില പിടിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ ബെന്റേക്കെ ക്രിസ്റ്റല്‍ പാലസിനെ മുന്നിലെത്തിച്ചു. ആ ഗോള്‍ കളിയില്‍ നിര്‍ണായകമാകുകയായിരുന്നു. പിന്നീട് 90-ാം മിനിറ്റ് വരെ ഗോള്‍ പിറക്കാത്ത മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് വിജയം കണ്ടു. തോറ്റെങ്കിലും ചെല്‍സി തന്നെയാണ് ലീഗില്‍ ഒന്നാമത്. 29 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റാണ് ചെല്‍സിക്കുള്ളത്.