മാഡ്രിഡ്: ഇത്തവണത്തെ എല്‍ക്ലാസിക്കോ ബാഴ്സലോണയെന്ന സ്പാനിഷ് ക്ലബ്ബിന് ചരിത്രത്തിലെ വലിയൊരു വഴിത്തിരിവാകും. ജയിച്ചാലും തോറ്റാലും കറ്റാലന്‍ ക്ലബ്ബ് പുതിയൊരു മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. തോറ്റാല്‍ മാറ്റം വേഗത്തിലാകും.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ്ബിനോട് കീഴടങ്ങേണ്ടിവന്നതിനേക്കാള്‍ അത് സംഭവിച്ച രീതിയാണ് പുനര്‍നിര്‍മിതിയിലേക്ക് ടീമിനെ എത്തിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച മൂന്ന് മുന്നേറ്റനിരക്കാര്‍ കളിച്ച ടീം ഇരുപാദങ്ങളിലുമായി ഒരുഗോള്‍പോലും സ്‌കോര്‍ ചെയ്യാനാകാതെയാണ് അടിയറവ് പറഞ്ഞത്.
തോല്‍വിക്കുശേഷം രണ്ടുകാര്യങ്ങളാണ് അടിയന്തരമായി ബാഴ്സ ക്ലബ്ബില്‍ നടന്നത്. സൂപ്പര്‍താരം ലയണല്‍ മെസ്സി, ടീമിലേക്ക് നാല് പ്രധാനകളിക്കാരെ വേണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. മാനേജ്മെന്റ് യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അലെഗ്രിയോട് ബാഴ്സയുടെ ചുമതല ഏറ്റെടുക്കാന്‍ താത്പര്യമുണ്ടോയെന്നാരാഞ്ഞു. ഇതുരണ്ടും നല്‍കുന്നത് ടീമിനെ പൊളിച്ചുപണിയുമെന്ന സൂചനയാണ്.
⚽️ #ElClásico
This Sunday!
⏰ 8.45pm CET
Everything you need to know for the game pic.twitter.com/pvNEiWuqKy
— FC Barcelona (@FCBarcelona) April 22, 2017
ബാഴ്സലോണ അവരുടെ പ്രശസ്തമായ ടിക്കി-ടാക്ക ശൈലി യില്‍നിന്ന് മാറാനാണ് സാധ്യത. പെപ്പ് ഗാര്‍ഡിയോള വിജയകരമായി നടപ്പാക്കുകയും പിന്നീടുവന്ന പരിശീലകന്‍ ഒരളവുവരെ പിന്തുടരുകയുംചെയ്ത ശൈലിയില്‍നിന്നുള്ള മാറ്റം ടീം ആഗ്രഹിച്ചുതുടങ്ങി. എതിര്‍ടീമുകള്‍ ശൈലിയെ പ്രതിരോധിക്കാന്‍ പഠിച്ചത് മാത്രമല്ല, യുവന്റസ് പോലെ പ്രതിരോധകോട്ടയുള്ള ടീമുകളിലേക്ക് കടന്നുകയറാന്‍ നിലവിലെ ആയുധം മതിയാകില്ലെന്ന് ടീം തിരിച്ചറിയുന്നു.
സീസണിനൊടുവില്‍ പരിശീലകസ്ഥാനമൊഴിയുമെന്ന് ലൂയി എന്റീക്കെ വ്യക്തമാക്കിയിട്ടുണ്ട്. പകരംവരുന്നത് അലെഗ്രിയാണെങ്കില്‍ പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയുള്ള ഗെയിംപ്ലാനിലേക്ക് ടീം മാറും. ടീം ഘടനയിലും മാറ്റം സംഭവിക്കും. അലെഗ്രിയല്ലെങ്കിലും ഈ മാറ്റം സംഭവിക്കും. ലോകത്തെ മികച്ച പരിശീലകരെല്ലാം പ്രതിരോധത്തില്‍ ശ്രദ്ധിക്കുന്നവരാണ്. പ്രത്യേകിച്ച് ബാഴ്സയുടെ ചാമ്പ്യന്‍സ് ലീഗ് പുറത്താകലിന് കാരണം പ്രതിരോധമാണെന്ന് പഴികേട്ട സാഹചര്യത്തില്‍.
Fantastic memories!
Who can forget those big wins at the Bernabéu?
— FC Barcelona (@FCBarcelona) April 22, 2017
മെസ്സി നാല് പൊസിഷനിലേക്കാണ് കളിക്കാരെ ആവശ്യപ്പെട്ടത്. ഇടതുവലതുവിങ് ബാക്കുകളും സെന്‍ട്രല്‍ ഡിഫന്‍ഡറും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറും പുതിയ സീസണില്‍ വേണമെന്നാണ് താരത്തിന്റെ ആവശ്യം. ടൂറിനിലും നൗക്യാമ്പിലും ഹതാശരെപ്പോെല അലഞ്ഞുനടന്ന നെയ്മറും മെസ്സിയും സുവാരസും ടീമിന്റെ വര്‍ത്തമാനകാല ചിത്രമാണ്. ഇനിയേസ്റ്റ-സാവി-ബുസ്‌കെറ്റ്സ് ത്രയം അടക്കിഭരിച്ച മധ്യനിരയുടെ നിഴല്‍മാത്രമാണുള്ളത്.
ഡാനി ആല്‍വെസ്-ജെറാര്‍ഡ് പീക്വ- കാര്‍ലോസ് പുയോള്‍ അണിനിരന്ന പ്രതിരോധത്തിന്റെ ഏഴയലത്തെത്തില്ല ഇപ്പോഴത്തേത്. മുന്നേറ്റമാണ് മുനകൂര്‍ത്ത് നില്‍കുന്നത്. മധ്യനിരയുടെ ആഴം കുറഞ്ഞതോടെയാണ് നെയ്മറിനും മെസ്സിക്കുമൊക്കെ ഇറങ്ങിക്കളിക്കേണ്ടിവരുന്നത്. ഓരോ പൊസിഷനിലും മികച്ച താരങ്ങളും ശക്തമായ റിസര്‍വ് െബഞ്ചുമില്ലെങ്കില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നത് ഫുട്ബോളിലെ അടിസ്ഥാനപാഠമാണ്. കഴിഞ്ഞകാലങ്ങളിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ ബാഴ്സ മാനേജ്മെന്റ് ഇക്കാര്യം മറന്നുപോയി.
മെസ്സിയും പരിശീലകനുമായുള്ള സ്വരച്ചേര്‍ച്ചക്കുറവും ടീമിന് തിരിച്ചടിയാകുന്നുണ്ട്. ആദ്യസീസണില്‍ ടീമിന് അഞ്ച് കിരീടം നേടിക്കൊടുത്ത എന്റീക്കെയുടെ ഗ്രാഫ് താഴോട്ടുപോയതും താരങ്ങളുമായുള്ള ഭിന്നതയാണ്. സമ്പന്നമായ ചരിത്രമുള്ള ബാഴ്സയ്ക്ക് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണുള്ളത്. അതിനാണ് ചാമ്പ്യന്‍സ് ലീഗിന് തൊട്ടുപിന്നാലെ ക്ലബ്ബ് തുടക്കമിട്ടത്.