ബാഴ്‌സലോണ: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ഗോള്‍രഹിത സമനിലയില്‍. ബാഴ്‌സയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ച റയല്‍ 17 ഷോട്ടുകളാണ് ഗോളിലേക്ക് തൊടുത്തത്. ബാഴ്‌സ ഗോള്‍കീപ്പര്‍ ടെര്‍സ്റ്റേഗന് മുഴുവന്‍ സമയവും പിടിപ്പത് പണിയായിരുന്നു.
അതേസമയം എട്ടു മഞ്ഞക്കാര്‍ഡുകളാണ് റഫറി മത്സരത്തിലുടനീളം പുറത്തെടുത്തത്. റയലിന്റെ അഞ്ചു താരങ്ങളും ബാഴ്‌സയുടെ മൂന്നു പേരും മഞ്ഞക്കാര്‍ഡ് കണ്ടു.
ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവ് വിനയായി. 72-ാം മിനിറ്റില്‍ റയലിനായി ബെയ്ല്‍ വലകുലുക്കിയെങ്കിലും വാര്‍ പരിശോധിച്ച റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ടീമിനെ മുന്നിലെത്തിക്കാനുള്ള അവസരം ബാഴ്‌സ താരം ജോര്‍ഡി ആല്‍ബയും നഷ്ടപ്പെടുത്തി.
ലാ ലിഗയില്‍ 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സയ്ക്കും റയലിനും 36 പോയന്റ് വീതമുണ്ട്. മികച്ച ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്താണ്.
Content Highlights: El Clasico Real Madrid barcelone match ends in goal less draw