മാഡ്രിഡ്: ക്ലബ്ബ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായ എല്‍ ക്ലാസിക്കോ മാറ്റിവെച്ചു. സ്പാനിഷ് ലീഗിലെ ചിരവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള പോരാട്ടം കാത്തിരിക്കുന്ന നിരവധി ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് സ്‌പെയിനില്‍ നിന്ന് വരുന്നത്.
വടക്കുകിഴക്കന്‍ സ്പെയിനിലെ കാറ്റാലന്‍ മേഖലയില്‍ കാറ്റാലന്‍ സ്വാതന്ത്ര്യ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് ഈ മാസം 26-ന് ബാഴ്‌സലോണയുടെ സ്വന്തം മൈതാനമായ നൗക്യാമ്പില്‍ നടക്കേണ്ടിയിരുന്ന സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ മാറ്റിവെച്ചത്.
2017-ല്‍ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ മുന്‍കൈയെടുത്ത ഒമ്പത് കാറ്റാലന്‍ രാഷ്ട്രീയ സാമൂഹിക നേതാക്കളെ ജയിലിലടച്ചതിനെത്തുടര്‍ന്നാണ് മേഖലയില്‍ പ്രക്ഷോഭം രൂക്ഷമായത്.
വ്യാഴാഴ്ച വരെ തുടര്‍ച്ച തുടര്‍ച്ചയായി നാലു ദിവസം ബാഴ്‌സലോണയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുകളില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും ഏറ്റുമുട്ടിയിരുന്നു. ഈ മാസം 26-ന് പ്രതിഷേധക്കാര്‍ ബാഴ്സലോണ നഗരത്തില്‍ ഒരു റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. എല്‍ ക്ലാസിക്കോയും അന്നുതന്നെയാണ്.
ഇതിനെത്തുടര്‍ന്ന് റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരം മാറ്റിവെയ്ക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതിനായി ഡിസംബര്‍ 16 എന്ന തീയതി തീരുമാനിച്ചെങ്കിലും ലാ ലിഗ അധികൃതര്‍ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്. പകരം ഡിസംബര്‍ ഏഴാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം എല്‍ ക്ലാസിക്കോ മാറ്റിവെയ്ക്കാന്‍ സാധിക്കില്ലെന്നാണ് ബാഴ്‌സലോണ പരിശീലകന്‍ ഏര്‍ണസ്റ്റോ വാല്‍വെര്‍ദെയുടെ നിലപാട്. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടില്‍ നിന്ന് മത്സരം റയലിന്റെ മൈതാനത്ത് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ഫിക്‌സ്ചര്‍ മാറ്റുന്നത് ക്ലബിനെയും ആരാധകരെയും പരിഹസിക്കലാകുമെന്നാണ് വാല്‍വെര്‍ദെ പറയുന്നത്.
Content Highlights: El Clasico between Barcelona and Real Madrid is postponed due to protest fears