നൗ ക്യാമ്പ്: സ്പാനിഷ് ലീഗില്‍ ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് ബാഴ്സലോണ.
ബാഴ്‌സയുടെ സ്വന്തം മൈതാനമായ വ്യാമ്പ് നൗവില്‍ ഞായറാഴ്ച നടന്ന മത്സരത്തിൽ ലൂയിസ് സുവാരസിന്റെ ഹാട്രിക്ക് മികവില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ തകര്‍പ്പന്‍ വിജയം.
സുവാരസിനെ കൂടാതെ ബാഴ്സയ്ക്കായി ഫിലിപ്പെ കുടീഞ്ഞ്യോയും വിദാലും സ്കോർ ചെയ്തു. മെസ്സിയില്ലാതെയാണ് ഇറങ്ങിയതെങ്കിലും മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മിന്നുന്ന പ്രകടനമാണ് ബാഴ്സ പുറത്തെടുത്തത്. റയല്‍ പ്രതിരോധത്തിന്റെ പോരായ്മ ചൂണ്ടിക്കാണിക്കുന്നതായിരുന്നു മത്സരത്തിലുടനീളം ബാഴ്സയുടെ മുന്നേറ്റങ്ങള്‍.
ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തിന്റെ തുടക്കം മുതല്‍ ബാഴ്സയുടെ ആധിപത്യമാണ് കണ്ടത്. ജോര്‍ഡി ആല്‍ബയും സെര്‍ജിയോ റോബര്‍ട്ടോയും ആദ്യ മിനിറ്റുകളില്‍ തന്നെ റയല്‍ ബോക്‌സിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. ഇടതു വിങ്ങിലൂടെയുള്ള ജോര്‍ഡി ആല്‍ബയുടെ തുടര്‍ മുന്നേറ്റങ്ങള്‍ റയല്‍ പ്രതിരോധത്തിന് ഭീഷണിയുയര്‍ത്തി.
11-ാം മിനിറ്റില്‍ ആല്‍ബയുടെ ഇത്തരത്തിലുള്ള ഒരു നീക്കമാണ് കുടീഞ്ഞ്യോയുടെ ആദ്യ ഗോളിന് വഴിവെച്ചത്. പന്തുമായി ബോക്‌സിലേക്കു കയറിയ ആല്‍ബയുടെ ഗോള്‍ ലൈനിന് അടുത്ത് വെച്ചുള്ള കട്ട് പാസ് കുടീഞ്ഞ്യോ എളുപ്പത്തില്‍ റയല്‍ വലയിലെത്തിച്ചു.
പന്തടക്കത്തിലും, കളിയിലും ബാഴ്‌സ ആധിപത്യം സ്ഥാപിച്ച് മുന്നേറുന്നതിനിടെ അവരുടെ രണ്ടാം ഗോള്‍ പിറന്നു. ബോക്‌സില്‍ സുവാരസിനെ റാഫേല്‍ വരാന്‍ ഫൗള്‍ ചെയ്തതിന് വാറിലൂടെ റഫറി അനുവദിച്ച പെനാല്‍റ്റി സുവാരസ്, റയല്‍ ഗോള്‍ കീപ്പര്‍ കുര്‍ട്ടോയിസിനെ മറികടന്ന് വലയിലെത്തിച്ചു.
ആദ്യ പകുതി ബാഴ്‌സയുടെ ലീഡിലാണ് അവസാനിച്ചത്. രണ്ടു ഗോള്‍ കടവുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ റയല്‍ ഗോള്‍ തിരിച്ചടിക്കാനുള്ള വ്യഗ്രതയിലായിരുന്നു. രണ്ടും കല്‍പ്പിച്ചാണ് റയല്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയത്. തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട റയലിന് 50-ാം മിനിറ്റില്‍ അതിന്റെ ഫലം ലഭിച്ചു.
ബാഴ്‌സ ബോക്‌സില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ബ്രസീല്‍ താരം മാഴ്‌സെലോയാണ് റയലിന്റെ ഏക ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളില്‍ വ്യത്യസ്തരായ റയലിനെയാണ് കണ്ടത്. തുടര്‍ ആക്രമണം നടത്തിയ അവര്‍ക്ക് കരീം ബെന്‍സേമയുടെ പിഴവുകള്‍ വിനയായി.
75-ാം മിനിറ്റില്‍ സുവാരസിലൂടെ ബാഴ്‌സ തങ്ങളുടെ മൂന്നാം ഗോള്‍ കുറിച്ചു. സെര്‍ജിയോ റോബര്‍ട്ടോ നല്‍കിയ ക്രോസില്‍ മിന്നല്‍ ഹെഡറിലൂടെ സുവാരസാണ് ഗോള്‍ നേടിയത്. മൂന്നാം ഗോള്‍ നേടിയതോടെ മത്സരത്തില്‍ വീണ്ടും ബാഴ്‌സയുടെ ആധിപത്യമായിരുന്നു.
83-ാം മിനിറ്റില്‍ റയല്‍ നായകന്‍ സെര്‍ജിയോ റാമോസിന്റെ പിഴവില്‍ നിന്ന് സുവാരസ് തന്റെ എല്‍ ക്ലാസിക്കോ ഹാട്രിക്ക് തികച്ചു. പിന്നാലെ 87-ാം മിനിറ്റില്‍ വിദാല്‍ ബാഴ്സയ്ക്കായി അഞ്ചാം ഗോളും നേടി. ബാഴ്‌സയോടു തോറ്റതോടെ റയല്‍ പരിശീലകന്‍ ജുലെന്‍ ലോപ്പറ്റേഗിയുടെ പരിശീലകസ്ഥാനം തെറിക്കുമെന്ന് ഉറപ്പായി. സീസണില്‍ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെത്തുടര്‍ന്ന് അദ്ദേഹം നേരത്തെ തന്നെ പ്രതിരോധത്തിലായിരുന്നു.
ജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റോടെ ബാഴ്‌സ ഒന്നാം സ്ഥാനത്തെത്തി. 14 പോയിന്റുള്ള റയല്‍ ഒന്‍പതാം സ്ഥാനത്താണ്.
Content Highlights: El Clasico Barcelona thrash Real Madrid Luis Suarez scores hat-trick