പാരിസ്: പ്രണയദിനത്തില്‍ പ്രണയനഗരമായ പാരീസില്‍ ബാഴ്‌സലോണയെ കാത്തിരുന്നത് ദുര്‍വിധിയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജി എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സയെ തകര്‍ത്തത്. പ്രമുഖ താരങ്ങളെ പരിക്ക് മൂലം നഷ്ടമായിട്ടും സ്വപ്നസമാനമായിരുന്നു പി.എസ്.ജിയുടെ പ്രകടനം.
ജന്മദിനത്തില്‍ എയ്ഞ്ചല്‍ ഡി മരിയയും എഡിസന്‍ കവാനിയും ഗോളുമായി ആഘോഷത്തിന്റെ മാറ്റു കൂട്ടിയപ്പോള്‍ ബാഴ്‌സയുടെ കരുത്തന്‍മാരായ മെസ്സിയും സുവാരസും ഇനിയസ്റ്റയും നിറം മങ്ങിപ്പോയി. നെയ്മര്‍ മാത്രമാണ് ബാഴ്‌സക്കായി അല്‍പമെങ്കിലും കളിച്ചത്.
ട്രാക്‌സ്‌റെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് മനോഹരമായി ഗോളാക്കി മാറ്റി എയ്ഞ്ചല്‍ ഡി മരിയ 18ാം മിനിറ്റില്‍ പി.എസ്.ജിയെ മുന്നിലെത്തിച്ചു. പിന്നീട് 40ാം മിനിറ്റില്‍ മികച്ച പ്രത്യാക്രമണത്തിലൂടെ ട്രാക്‌സര്‍ ബാഴ്‌സയെ ഞെട്ടിച്ചു. ക്ലബ്ബിനായുള്ള ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റത്തില്‍ തന്നെ ഗോളടിക്കാനായി എന്നത് ട്രാക്‌സറുടെ പ്രകടനത്തെ വേറിട്ടു നിര്‍ത്തുന്നു.
രണ്ടാം പകുതിയില്‍ അക്രമിച്ച് തന്നെ തുടങ്ങിയ പി.എസ്.ജി 54ാം മിനിറ്റില്‍ ഡി മരിയയുടെ മറ്റൊരു മനോഹരമായ ഗോളോടെ വിജയം ഉറപ്പിക്കുകയായിരുന്നു. പിന്നീട് മറ്റൊരു പ്രത്യാക്രമണത്തിലൂടെ കവാനി ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ ബാഴ്‌സയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.
തിയോഗ സില്‍വയുടെ അഭാവത്തില്‍ മാര്‍ക്വേനിയസിന്റെ നേതൃത്വത്തില്‍ ബാഴ്‌സ മുന്നേറ്റത്തെ തളച്ച പി.എസ്.ജി പ്രതിരോധവും തിയോഗ മോട്ടയുടെ അഭാവം മധ്യനിരയെ അറിയിക്കാത്ത മാര്‍കോ വെറാറ്റി, റാബിയറ്റ് എന്നിവരും പി.എസ്.ജിയുടെ ജയത്തില്‍ നിര്‍ണായകമായി. ആദ്യ പകുതിയില്‍ ആന്ദ്ര ഗോമസിന് ലഭിച്ച അവസരവും രണ്ടാം പകുതിയില്‍ ഉമിറ്റിയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങിയതിലും ഒതുങ്ങുന്നു ബാഴ്‌സയുടെ പ്രകടനം.
ഡി മരിയയുടെ ഗോള്‍
Angel Di Maria back at it again, breaking Barcelona hearts on Valentine's Day, with another RB finesse shot into the top corner#PSGFCBpic.twitter.com/MdvjtaeBgw
— Foul Throw (@foulthrownet) February 14, 2017
ഇതോടെ മാര്‍ച്ച് 8ന് കാമ്പ് നൗവില്‍ നടക്കുന്ന രണ്ടാം പാദം ബാഴ്‌സക്ക് നിര്‍ണായകമായി. ക്വാര്‍ട്ടര്‍ കാണാന്‍ രണ്ടാം പാദത്തില്‍ വലിയ അത്ഭുതം തന്നെ സംഭവിക്കണം. 2007നു ശേഷം ഇതുവരെ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ ക്വാട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മറ്റൊരു പ്രീ ക്വാർട്ടര്‍ മത്സരത്തില്‍ ജര്‍മ്മന്‍ വമ്പന്മാരായ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെ പോര്‍ച്ചുഗീസ് ടീം ബെനിഫിക്ക 1-0 ത്തിനു അട്ടിമറിച്ചു. മോശം ഫോം തുടരുന്ന തോമസ് തുച്ചലിന്റെ ടീമിനെതിരെ മികച്ച പ്രകടനമാണ് ബെൻഫിക്ക പുറത്തെടുത്തത്. സൂപ്പര്‍ താരം ആമബയാഗ് പെനാല്‍റ്റി പാഴാക്കുന്നതിനും മത്സരം സാക്ഷിയായി.
പെനാല്‍റ്റിയടക്കം ഡോര്‍ട്ട്മുണ്ടിന്റെ പല മുന്നേറ്റങ്ങളും തടഞ്ഞ ഗോള്‍ കീപ്പര്‍ എഡേര്‍സണിന്റെ പ്രകടനമാണ് ബെനിഫിക്കയുടെ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പിറന്ന ഗോളാണ് മത്സരത്തിന്റെ വിധി എഴുതിയത്. മാര്‍ച്ച് 8നു സിഗ്നല്‍ ഇഡുന പാര്‍ക്കിലാണ് പ്രീ ക്വാട്ടര്‍ രണ്ടാംപാദം അരങ്ങേറുക.