ടൂറിന്‍: മത്സരത്തിനിടെ എതിര്‍ ടീം താരത്തിന്റെ മുഖത്ത് തുപ്പിയ സംഭവത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റയ്ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടിവന്നേക്കും.
ഞായറാഴ്ച സസ്സുവോളോയ്‌ക്കെതിരെ യുവെന്റസ് 2-1 ന് ജയിച്ച മത്സരത്തിനിടെയായിരുന്നു സംഭവം. സസ്സുവോളോ താരം ഡി ഫ്രാന്‍സിസ്‌കോയുടെ മുഖത്താണ് കോസ്റ്റ തുപ്പിയത്.
ഫ്രാന്‍സെസോ, കോസ്റ്റയെ ഫൗള്‍ ചെയ്തതാണ് സംഭവത്തിനു തുടക്കം. ഇതിന് കോസ്റ്റ തിരിച്ച് ഫ്രാന്‍സെസോയെ ഫൗള്‍ ചെയ്ത് മഞ്ഞകാര്‍ഡ് വാങ്ങിക്കുകയും ചെയ്തു. കൈമുട്ട് ഉപയോഗിച്ച് ഇടിച്ചതിനായിരുന്നു ഇത്. ഇതിനു പിന്നാലെ തല കൊണ്ട് ഇടിക്കുകയും ചെയ്തു, തുടര്‍ന്നുള്ള വാഗ്വാദത്തിനിടെയാണ് കോസ്റ്റ, ഫ്രാന്‍സെസോയുടെ മുഖത്ത് തുപ്പിയത്. ഇതോടെ ചുവപ്പ് കാര്‍ഡ് നല്‍കി റഫറി കോസ്റ്റയെ പറഞ്ഞയച്ചു.
കോസ്റ്റയ്‌ക്കെതിരെ യുവെന്റസ് ക്ലബ്ബ് തന്നെ നടപടിയെടുക്കും. കോസ്റ്റയ്ക്ക് മേല്‍ പിഴ ചുമത്തുമെന്ന് യുവെന്റസ് പരിശീലകന്‍ മാസ്സിമിലിയാനോ അല്ലെഗ്രി തന്നെ വ്യക്തമാക്കി. കോസ്റ്റയെ രൂക്ഷമായ ഭാഷയിലാണ് പരിശീലകന്‍ വിമര്‍ശിച്ചത്.
ഫൗളിന് ഇരയായാലും ഒരിക്കലും ഇങ്ങനെയല്ല ചെയ്യേണ്ടത്. പ്രകോപനങ്ങളില്‍ വീണുപോകരുത്. കോസ്റ്റയുടെ പ്രവൃത്തി വിജയത്തിന്റെ തിളക്കം നഷ്ടപ്പെടുത്തിയെന്നും അല്ലെഗ്രി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല യുവെന്റസിന്റെ നടപടിക്കു പിന്നാലെ ഇറ്റാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും താരത്തെ കൂടുതല്‍ മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ സാധ്യതയുണ്ട്.
Content Highlights: douglas costa spitting incident absolutely must not happen allegri