മെക്‌സിക്കോ സിറ്റി: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഇതിഹാസ താരം ഡീഗോ മാറഡോണ. മെസ്സി മികച്ചൊരു ക്യാപ്റ്റനല്ലെന്നും മെസ്സിയെ ഫുട്‌ബോള്‍ ദൈവമായി കാണരുതെന്നും മാറഡോണ പറയുന്നു.
മത്സരത്തിനു മുന്‍പ് ക്യാപ്റ്റന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ 20 തവണ ബാത്‌റൂമില്‍ പോകുന്ന വ്യക്തിയാണ് മെസ്സി. അങ്ങനെയൊരാളെ ക്യാപ്റ്റനാക്കാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയാണ്. ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കായി കളിക്കുന്ന മെസ്സിയല്ല, അര്‍ജന്റീന ജഴ്‌സിയില്‍ കളിക്കുന്ന മെസ്സി. ഒരു മെക്‌സിക്കന്‍ ടെലിവിഷന്‍ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു മാറഡോണ.
മെസ്സിയെ ദൈവമായി കാണുന്നത് അവസാനിപ്പിക്കണം. അര്‍ജന്റീനയുടെ ഒരു കളിക്കാരന്‍ മാത്രമായി മെസ്സിയെ കണ്ടാല്‍ മതി. ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ മെസ്സി മെസ്സിയാണ്. എന്നാല്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ അയാള്‍ മറ്റൊരാളാണ്. മെസ്സിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് കിട്ടണമെങ്കില്‍ അയാളെ ഒരു നേതാവായി കാണുന്നതില്‍ നിന്ന് പിന്തിരിയണം- മാറഡോണ വ്യക്തമാക്കി.
അതേസമയം, മാറഡോണയുടെ ഈ തുടര്‍ച്ചയായ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ബാഴ്‌സ താരത്തിന്റെ കുടുംബാംഗമെത്തി. മെസ്സിയുടെ കസിന്‍ മാക്‌സി ബിയാന്‍കൂച്ചിയാണ് പിന്തുണയുമായെത്തിയത്. മെസ്സിയെപ്പോലൊരു താരത്തെ കുറിച്ച് ഒരു ഇതിഹാസ താരം ഇത്തരത്തില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്. അര്‍ജന്റീനയോട് മെസ്സിക്ക് സ്‌നേഹം മാത്രമാണുള്ളത്. ടീമിനെ മികച്ച രീതിയില്‍ വീണ്ടെടുക്കാനാണ് മെസ്സി ശ്രമിച്ചത്- ബിയാന്‍കൂച്ചി പറയുന്നു.
Content Highlights: Diego Maradona on Lionel Messi Argentina Football