മാഡ്രിഡ്: ലാലിഗയില്‍ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിനിടെ റഫറി ഗില്‍ മന്‍സാനോയെ അസഭ്യം പറഞ്ഞ അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡിയഗോ കോസ്റ്റക്ക് എട്ടു മത്സരങ്ങളില്‍ നിന്ന് വിലക്ക്.
സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് വിലക്കിന് ആസ്പദമായ സംഭവം നടന്നത്. തന്നെ വീഴ്ത്തിയ എതിര്‍ താരത്തിനെതിരേ റഫറി ഫൗള്‍ വിളിക്കാതിരുന്നതാണ് കോസ്റ്റയെ ചൊടിപ്പിച്ചത്. ഇത് ചോദ്യം ചെയ്ത കോസ്റ്റ റഫറിയുടെ കൈക്ക് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു.
ഇതോടെ റഫറി താരത്തിനു നേരെ ചുവപ്പു കാര്‍ഡ് ഉയര്‍ത്തി. കോസ്റ്റയ്ക്കായി വാദിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് താരങ്ങള്‍ക്കെതിരെ കാര്‍ഡ് കാണിക്കാന്‍ റഫറി തുനിഞ്ഞതും കോസ്റ്റയെ രോഷാകുലനാക്കി. ഒടുവില്‍ ബാഴ്‌സ താരം പിക്വെയാണ് കോസ്റ്റയെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോയത്.
കോസ്റ്റ തന്റെ അമ്മയെയാണ് അസഭ്യം പറഞ്ഞതെന്നും കൈ പിടിച്ച് വലിച്ചെന്നും റഫറി ഗില്‍ മന്‍സാനോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തെ വിലക്കിയത്. റഫറിയോട് അസഭ്യം പറഞ്ഞതിന് നാല് മത്സരങ്ങളില്‍ നിന്നും കൈ പിടിച്ച് വലിച്ചതിന് നാല് മത്സരങ്ങളില്‍ നിന്നുമാണ് വിലക്ക്.
ഇതോടെ കോസ്റ്റയുടെ ലാലിഗ സീസണ്‍ ഏറെക്കുറെ അവസാനിച്ചു. ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന അത്‌ലറ്റിക്കോക്ക് ഇനി ഏഴ് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വിലക്കിനെതിരേ താരം അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Content Highlights: diego costa handed eight match ban for insulting referee