10വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ചെല്‍സിയും ബാഴ്‌സലോണയും തമ്മിലുള്ള മത്സരം ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറക്കാനാകില്ല. അന്ന് ബാഴ്‌സലോണയോട് തോറ്റ് ചെല്‍സി പുറത്തായി. റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ ചെല്‍സി താരമായ ദിദിയര്‍ ദ്രോഗ്ബ തെറി വിളിക്കുന്നതും ആരാധകര്‍ കണ്ടു. മത്സരശേഷം ദേഷ്യം നിയന്ത്രിക്കാനാവാതെ റഫറി ടോം ബെന്നിങ് ഓവര്‍ബോയെ ദ്രോഗ്ബ തെറി പറയുകയായിരുന്നു. ടെലിവിഷന്‍ ക്യാമറ നോക്കിയും ദ്രോഗ്ബ ദേഷ്യം തീര്‍ത്തു. രണ്ടാം പാദ സെമിയില്‍ ചെല്‍സിയുടെ നാല് പെനാല്‍റ്റി അപ്പീലുകള്‍ റഫറി നിഷേധിച്ചാണ് ദ്രോഗ്ബയെ ദേഷ്യത്തിലാഴ്ത്തിയത്. അവസാനം സ്റ്റാംഫോഡ് ബ്രിഡ്ജില്‍ എവേ ഗോളുകളുടെ ആനുകൂല്യത്തില്‍ ബാഴ്‌സ ഫൈനലിലെത്തി.
അന്ന് മത്സരശേഷം ദ്രോഗ്ബയെ കാണാന്‍ ഒരു കുഞ്ഞു ആരാധകനെത്തിയിരുന്നു. ഗ്രൗണ്ടില്‍ ബോള്‍ ബോയ് ആയിരുന്നു അവന് ദ്രോഗ്ബയോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ തോറ്റ നിരാശയിലും ദേഷ്യത്തിലുമായിരുന്ന ദ്രോഗ്ബ അവനേയും ഓടിച്ചുവിട്ടു. ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ലെന്നു മാത്രമല്ല, അവനേയും തെറി വിളിക്കുകയും ചെയ്തു. ഇതോടെ കരച്ചിലടക്കാനാവാതെയാണ് അവന്‍ ഗ്രൗണ്ട് വിട്ടത്.
ആ കുഞ്ഞു ആരാധകന്റെ ആഗ്രഹം 10 വര്‍ഷങ്ങള്‍ക്കിപ്പുറം സഫലമായി. ദ്രോഗ്ബ തന്നെയാണ് ആ ആഗ്രഹം പൂര്‍ത്തിയാക്കിയത്. അവന് ഇന്ന് 20 വയസ്സായി. അവന്‍ ലോകം ആരാധിക്കുന്ന ഫുട്‌ബോള്‍ താരമായി വളര്‍ന്നു. ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ എംബാപ്പെയാണ് ആ കുഞ്ഞു ആരാധകന്‍. പാരീസില്‍ നടന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരച്ചടങ്ങില്‍ ദ്രോഗ്ബ എംബാപ്പെയ്‌ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തു. ചടങ്ങിന്റെ അവതാകരനായിരുന്ന ദ്രോഗ്ബ എംബാപ്പെയെ സ്റ്റേജിലേക്ക് വിളിച്ച് സെല്‍ഫി എടുക്കുകയായിരുന്നു. 10 വര്‍ഷം മുമ്പുള്ള ഒരു കടം വീട്ടുകയാണെന്ന് പറഞ്ഞായിരുന്നു ഈ സെല്‍ഫി. ഒപ്പം സദസും ആ സെല്‍ഫിയില്‍ പങ്കെടുത്തു. ബാലണ്‍ദ്യോര്‍ പുരസ്‌കാരരാവില്‍ എന്നെന്നും ഓര്‍ക്കുന്ന ഒരു നിമിഷമായിരുന്നു അത്.
Content Highlights: Didier Drogba takes selfie with Kylian Mbappe