മാഡ്രിഡ്: കഴിഞ്ഞയാഴ്ച സ്വന്തം മൈതാനത്ത് റയലിനെതിരേ നേടിയ വിജയം ഭാഗ്യം കൊണ്ടായിരുന്നില്ലെന്ന് തെളിയിച്ച് റഷ്യന്‍ ക്ലബ്ബ് സി.എസ്.കെ.എ മോസ്‌കോ. ബുധനാഴ്ച റയലിന്റെ മൈതാനത്തു നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് സി.എസ്.കെ.എ മോസ്‌കോ റയലിനെ നാണംകെടുത്തി.
ചാമ്പ്യന്‍സ് ലീഗ് ജേതാക്കളെ നിഷ്പ്രഭരാക്കിയ മത്സരമാണ് സി.എസ്.കെ.എ മോസ്‌കോ കാഴ്ചവെച്ചത്. റയലിനെ ഹോം മത്സരത്തിലും ഇപ്പോള്‍ എവേ മത്സരത്തിലും മുട്ടുകുത്തിക്കാന്‍ അവര്‍ക്കായി.
37-ാം മിനിറ്റില്‍ ഫയോദൊര്‍ ചലോവ് ആണ് സാന്തിയാഗോ ബെര്‍ണബ്യൂവില്‍ റയലിനെ ഞെട്ടിച്ച് ആദ്യം വല കുലുക്കിയത്. റയല്‍ പ്രതിരോധത്തെ കബളിപ്പിച്ച് മുന്നേറിയ ചലോവിന്റെ ഇടംകാലന്‍ ഷോട്ട് തടുക്കാന്‍ ഗോള്‍ കീപ്പര്‍ക്കായില്ല.
43-ാം മിനിറ്റില്‍ മികച്ച മുന്നേറ്റത്തിനൊടുവില്‍ കുര്‍ട്ടോയ്‌സിന്റെ കാലില്‍ തട്ടി ഉയര്‍ന്ന പന്ത് ജോര്‍ജി ഷെന്നിക്കോവ് വലിയിലെത്തിച്ചു.
റയലിനായി വിനിഷ്യസ് ജൂനിയറും മാര്‍ക്കോ അസെന്‍സിയോയും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കീപ്പര്‍ അകിന്‍ഫീവ് പലപ്പോഴും വില്ലനായി. അസെന്‍സിയോയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു.
ഗാരെത് ബെയ്ല്‍, ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, റാഫേല്‍ വരാന്‍ എന്നിവരെ കൂടാതെയാണ് റയല്‍ കളത്തിലിറങ്ങിയത്. 73-ാം മിനിറ്റില്‍ ആര്‍ണര്‍ സിഗുസണ്‍, റയലിന്റെ പരാജയം പൂര്‍ത്തിയാക്കി. പത്തുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് റയല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഹോം, എവേ മത്സരങ്ങളില്‍ തോല്‍വി അറിയുന്നത്. തോറ്റെങ്കിലും ആറു മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി റയല്‍ നോക്കൗട്ടില്‍ കടന്നു.
Content Highlights: cska dumped out of europe despite stunning win at real madrid