പാരിസ്: ലൂക്കാ മോഡ്രിച്ചിന് ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ചും പരിഹസിച്ചും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ സഹോദരിമാരായ എല്‍മയും കാത്തിയ അവെയ്‌റോയും. ക്രിസ്റ്റിയാനൊ ബാലണ്‍ ദ്യോര്‍ പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത എല്‍മ സഹോദരന് പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ മാഫിയ ആണെന്നാണ് ആരോപിക്കുന്നത്.
നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ജീവിക്കുന്നത് മാഫിയകളും പണവും കാരണം കെട്ടുപോയ ഒരു ലോകത്താണ്. പക്ഷേ എല്ലാത്തിനേക്കാളും വലുതാണ് ദൈവത്തിന്റെ ശക്തി. ദൈവം സമയമെടുക്കുമെങ്കിലും ഒരിക്കലും പരാജയപ്പെടില്ല- ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ എല്‍മ പറയുന്നു.
രണ്ടാമത്തെ സഹോദരിയും പോപ്പ് ഗായികയുമായ കാത്തിയ അവെയ്‌റോയും ഇതേ ചിത്രം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റിയാനോയെന്നും ഫുട്‌ബോള്‍ മനസ്സിലാകുന്നവര്‍ക്ക് മാത്രമേ അത് തിരിച്ചറിയാനാകൂ എന്നുമാണ് ചിത്രത്തിനൊപ്പം കാത്തിയയുടെ കുറിപ്പ്.
കഴിഞ്ഞ പത്ത് വര്‍ഷക്കാലം ക്രിസ്റ്റിയാനോയും മെസ്സിയും മാറിമാറി കൈവശം വെച്ച പുരസ്‌കാരമാണ് ഇത്തവണ ക്രൊയേഷ്യന്‍ താരം മോഡ്രിച്ചിന് ലഭിച്ചത്. ഫിഫയുടെ ലോക ഫുട്ബോളര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് മോഡ്രിച്ച് ബാലണ്‍ ദ്യോര്‍ പുരസ്‌കാരവും അക്കൗണ്ടിലെത്തിച്ചത്.
വോട്ടെടുപ്പില്‍ മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ ക്രിസ്റ്റിയാനോയ്ക്ക് 476 പോയിന്റാണ് സ്വന്തമാക്കാനായത്. മൂന്നാമതെത്തിയ അന്റോയ്ന്‍ ഗ്രീസ്മാന്‍ 414 പോയിന്റും നേടി. ഫ്രാന്‍സ് താരം കിലിയന്‍ എംബാപെയാണ് നാലാമത്. മെസ്സിക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Content Highlights: Cristiano Ronaldo's sisters express anger on social media as Luka Modric denies him Ballon d'Or