പാരിസ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ദ്യോര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക്. കരിയറിലെ അഞ്ചാം ബാലന്‍ദ്യോര്‍ നേടിയ ക്രിസ്റ്റിയാനോ ഈ നേട്ടത്തില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തി. കഴിഞ്ഞ തവണയും പോര്‍ച്ചുഗീസ് താരം തന്നെയായിരുന്നു ജേതാവ്.
റയല്‍ മാഡ്രിഡിന് വേണ്ടി ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും പുറത്തെടുത്ത പ്രകടനമാണ് ക്രിസ്റ്റിയാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പരിശീലകന്‍ സിദാന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുത്ത ക്രിസ്റ്റ്യാനൊ മെസ്സിയും നെയ്മറുമടക്കമുള്ള സൂപ്പര്‍ താരങ്ങളെ പിന്തള്ളി. 946 പോയിന്റ് റയല്‍ താരത്തിന് ലഭിച്ചപ്പോള്‍ 670 പോയിന്റ് നേടിയ മെസ്സിയും 361 പോയിന്റ് നേടിയ നെയ്മറും ഏറെ പിന്നിലായിപ്പോയി. ബുഫണ്‍, മോഡ്രിച്ച്, റാമോസ്, എംബാപ്പെ, കാന്റെ, ലെവന്‍ഡോവ്‌സ്‌കി, കെയ്ന്‍ എന്നിവരാണ് നാല് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലെത്തിയത്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം, യുവേഫ സൂപ്പര്‍ കപ്പ് കിരീടം, സ്പാനിഷ് ലാ ലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം, ഫിഫയുടെ ലോകത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം എന്നിവ ഈ വര്‍ഷം അക്കൗണ്ടിലെത്തിച്ച ക്രിസ്റ്റിയാനോയ്ക്ക് ഇരട്ടി സന്തോഷം നല്‍കുന്നതാണ് ബാലന്‍ദ്യോര്‍ പുരസ്‌കാരം.
'ഞാന്‍ വളരെ സന്തോഷവാനാണ്. എന്റെ കരിയറിലെ മനോഹരമായ നിമിഷമാണിത്. ഇങ്ങനെയൊരു നേട്ടത്തിനായി കുറേ കാലമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഈ വര്‍ഷം എന്നെ സംബന്ധിച്ച് സംഭവബഹുലമായിരുന്നു. കിരീടങ്ങളാണ് ഈ പുരസ്‌കാരം നേടാന്‍ സഹായിച്ചത്. പോര്‍ച്ചുഗല്‍ ടീമിലെയും റയല്‍ മാഡ്രിഡ് ടീമിലെയും സഹതാരങ്ങളോട് നന്ദി പറയുന്നു. കുറച്ചു വര്‍ഷം കൂടി ഇതേ ഫോമില്‍ കളി തുടരാനാകുമെന്നാണ് പ്രതീക്ഷ. മെസ്സിയുമായുള്ള കളിക്കളത്തിലെ യുദ്ധം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ' പുരസ്‌കാരം സ്വീകരിച്ച ശേഷം ക്രിസ്റ്റ്യാനൊ പറഞ്ഞു.
2008,2013,2014,2016 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ക്രിസ്റ്റ്യാനൊ ബാലന്‍ദ്യോര്‍ പുരസ്തകാരം നേടിയത്. 2009, 2011,2012,2015 വര്‍ഷങ്ങളില്‍ മെസ്സിക്ക് പിന്നിലായിപ്പോയി. ലോകഫുട്‌ബോള്‍ ഭരണസമിതിയുമായായ ഫിഫയുമായുള്ള കരാര്‍ അവസാനിച്ചതിനാല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ബാലന്‍ദ്യോര്‍ പുരസ്‌കാരം നല്‍കുന്നത്.
Content Highlights: Cristiano Ronaldo retains Ballon d Or to match Messi