ടൂറിന്‍: കളിക്കളത്തില്‍ പുറത്തെടുക്കുന്ന വൈദഗ്ദ്ധ്യത്തിന്റെ കാര്യത്തില്‍ ഒരടി മുന്നില്‍ തന്നെയാണ് യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ നേടിയ ഗോളും റയലില്‍ കളിക്കുമ്പോള്‍ കഴിഞ്ഞ സീസണില്‍ യുവെന്റസിനെതിരേ തന്നെ നേടിയ ബൈസിക്കിള്‍ കിക്ക് ഗോളുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
ഇതൊക്കെയാണെങ്കിലും റോണോ ആരാധകരെ നിരാശയിലാക്കുന്ന വാര്‍ത്തയാണ് ഇറ്റലിയില്‍ നിന്നു വരുന്നത്. റൊണാള്‍ഡോയെ പോലൊരു താരത്തെ മത്സരത്തിലെ ഫ്രീകിക്ക് എടുക്കുന്നതില്‍ നിന്ന് ടീം മാനേജ്‌മെന്റ് വിലക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോകകപ്പില്‍ റോണോയുടെ ഫ്രീകിക്കില്‍ നിന്നാണ് പോര്‍ച്ചുഗല്‍, സ്‌പെയിനിനെതിരേ സമനില പിടിച്ചത്. റോണോയുടെ കരുത്തുറ്റ ഫ്രീകിക്കുകള്‍ക്ക് പലപ്പോഴും ഫുട്‌ബോള്‍ പ്രേമികള്‍ സാക്ഷിയായിട്ടുണ്ട്.
യുവെന്റസിനായി ഇനി റൊണാള്‍ഡോ ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ എടുക്കില്ലെന്ന് ടീം മാനേജര്‍ മാസ്സിമിലിയാനോ അല്ലെഗ്രി തന്നെയാണ് അറിയിച്ചിരിക്കുന്നത്. റോണോയ്ക്കു പകരം ഡിബാലയോ മിറലെം പിയാനിച്ചോ ആകും ഇനിമുതല്‍ ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ എടുക്കുക.
ഫ്രീകിക്ക് എടുക്കുന്നതില്‍ ഡിബാലയും പിയാനിച്ചും പുലര്‍ത്തുന്ന മികവ് റൊണാള്‍ഡോയ്ക്ക് അറിയാമെന്നും അതിനാല്‍ തന്നെ അവര്‍ക്കായി ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ വിട്ടുകൊടുക്കുകയുമായിരുന്നുവെന്നുമാണ് അല്ലെഗ്രി പ്രതികരിച്ചത്. എന്നാല്‍ ദൂരക്കൂടുതലുള്ള ഫ്രീകിക്കുകള്‍ അദ്ദേഹം തന്നെ എടുക്കുമെന്നും അല്ലെഗ്രി വ്യക്തമാക്കി.
യുവെന്റസ് ഡ്രസ്സിങ് റൂമില്‍ നിന്ന് റൊണാള്‍ഡോയ്ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ ഡിബാല ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ഈ ഫ്രീകിക്ക് വിവാദം ആരംഭിക്കുന്നത്. ചിത്രത്തിനു പിന്നില്‍ ഡ്രസിങ് റൂമില്‍ ഒട്ടിച്ചിരുന്ന ചാര്‍ട്ട് ആരാധകര്‍ ശ്രദ്ധിക്കുകയായിരുന്നു. അതില്‍ ഒരിടത്തും ആദ്യ ചോയിസായി റൊണാള്‍ഡോയുടെ പേരുണ്ടായിരുന്നില്ല. ഇതോടെയാണ് അല്ലെഗ്രിക്കു തന്നെ കാര്യങ്ങള്‍ വിശദമാക്കേണ്ടി വന്നത്.
Content Highlights: cristiano ronaldo not allowed to take certain free kicks in juventus