മിലാന്‍: വടി കൊടുത്ത് അടിവാങ്ങി യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ സീരിയ എ ഫുട്ബോളില്‍ റോമയ്‌ക്കെതിരായ മത്സരത്തിലാണ് സംഭവം. റോമ ക്യാപ്റ്റന്‍ അലസാണ്ട്രോ ഫ്‌ളോറെന്‍സിയുടെ പൊക്കക്കുറവിനെ കളിയാക്കുകയായിരുന്നു പോര്‍ച്ചുഗല്‍ താരം.
കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഫ്‌ളോറെന്‍സിയുമായി ക്രിസ്റ്റ്യാനോ ഉടക്കി. ക്രിസ്റ്റ്യാനോയുമായി പന്തിനുവേണ്ടി മത്സരിക്കുന്നതിനിടെ റോമ താരം എഡിന്‍ ഡെക്കേ വീണു. അദ്ദേഹത്തിന് ചികിത്സയും വേണ്ടിവന്നു. അത് ചോദിക്കാനാണ് ഫ്‌ളോറെന്‍സി എത്തിയത്. വാക്കുതര്‍ക്കത്തിനിടെ ക്രിസ്റ്റ്യാനോ പറഞ്ഞു - ''കുറിയവനായ നിങ്ങള്‍ സംസാരത്തിനുപോലും യോഗ്യനല്ല''. പൊക്കക്കുറവ് സൂചിപ്പിച്ച് കൈ താഴ്ത്തിക്കാണിക്കുകയും ചെയ്തു.
റഫറി ഇടപെട്ട് കൂടുതല്‍ കശപിശ ഒഴിവാക്കി. പക്ഷേ, ഫ്‌ളോറന്‍സി ആ അധിക്ഷേപം മനസ്സില്‍ സൂക്ഷിച്ചു. 79-ാം മിനിറ്റില്‍ ഗോളടിച്ചായിരുന്നു പ്രതികാരം. അടുത്ത ഊഴം ഡെക്കേയുടേതായിരുന്നു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഡെക്കേയും യുവന്റസിന്റെ വലകുലുക്കി. റോമ 2-0ന് ജയിച്ചു. ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാമെന്ന പ്രതീക്ഷ അവര്‍ സജീവമാക്കുകയും ചെയ്തു. യുവന്റസ് നേരത്തെതന്നെ ലീഗില്‍ ചാമ്പ്യന്മാരായിരുന്നു.
Content Highlights: Cristiano Ronaldo mocks Roma defender Alessandro Florenzi for being too small