മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളി താരത്തിനു നേരെ കാണികളുടെ വംശീയ അധിക്ഷേപം. കഴിഞ്ഞ ദിവസം നടന്ന നാപ്പോളി-ഇന്റര്‍ മിലാന്‍ മത്സരത്തിനിടെയാണ് നാപ്പോളി താരം കലിദു കൗലിബലിയെ ഇന്റര്‍ മിലാന്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചത്.
സെനഗല്‍ താരമായ കലിദുവിനെ കുരങ്ങന്‍മാരുടെ ശബ്ദമുണ്ടാക്കി മത്സരത്തിലുടനീളം ഏതാനും ആരാധകര്‍ അധിക്ഷേപിക്കുകയായിരുന്നു. ഇവര്‍ പലതവണ താരത്തിനു നേരെ അലറി വിളിച്ചു. ഇതിനിടെ മത്സരം നിര്‍ത്തിവെക്കണമെന്ന് നാപ്പോളി പരിശീലകന്‍ കാല്‍ലോസ് ആന്‍സലോട്ടി ആവശ്യപ്പെട്ടെങ്കിലും റഫറി ശ്രദ്ധിക്കാതിരുന്നതും ഇതിനോടകം വിവാദമായി.
ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് സീരി എ സംഘാടകര്‍ക്ക് ആന്‍സലോട്ടി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
അതേസമയം കലിദുവിന് പിന്തുണയുമായി യുവെന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി. ലോകത്തും ഫുട്‌ബോളിലും വിദ്യാഭ്യാസവും ബഹുമാനവും എപ്പോഴും ആവശ്യമാണ്. വംശീയാധിക്ഷേപം അടക്കമുള്ള എല്ലാത്തരം വിവേചനങ്ങളോടും നമുക്ക് വിട പറയാമെന്നും റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയ കലിദുവിനെ രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. ചുവപ്പ് കാര്‍ഡ് കണ്ടതിനും അതിനു പിന്നാലെ റഫറിയെ അപമാനിച്ചതിനുമാണ് വിലക്ക്.
Content Highlights: cristiano ronaldo kalidou koulibaly racism