ചാമ്പ്യന്‍സ് ലീഗ് പുതിയ സീസണില്‍ ലയണല്‍ മെസ്സി ഹാട്രിക്കുമായി അരങ്ങേറിയപ്പോള്‍ ഇത്തവണത്തെ റൊണാള്‍ഡോയുടെ അരങ്ങേറ്റം കണ്ണീരില്‍ കുതിര്‍ന്നതായി.
കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിൽ വലന്‍സിയക്കെതിരായ മത്സരത്തിലെ 29-ാം മിനിറ്റില്‍ റോണോ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോകുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഇതാദ്യമായാണ് റൊണാള്‍ഡോയ്ക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിക്കുന്നത്. കരിയറിലെ 154 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കിടയിലെ ആദ്യത്തെ ചുവപ്പു കാര്‍ഡ്.
റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ കരിയറിലെ 11-ാമത്തെ ചുവപ്പു കാര്‍ഡാണിത്. ഇതോടെ തന്റെ മുന്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ നടക്കുന്ന അടുത്ത ചാമ്പ്യന്‍സ് ലീഗ് മത്സരം റോണോയ്ക്ക് നഷ്ടമാകും.
വലന്‍സിയക്കെതിരേ 29-ാം മിനിറ്റില്‍ എതിര്‍ ടീം ബോക്‌സില്‍ അത്രയൊന്നും ഗൗരവമല്ലാത്ത ഒരു ഫൗളിന്റെ പേരിലാണ് ജര്‍മന്‍ റഫറി ഫെലിക്സ് ബ്രിച്ച് യുവെന്റസ് താരത്തിനു നേരേ ചുവപ്പു കാര്‍ഡ് ഉയര്‍ത്തിയത്. ഇതോടെ കണ്ണീരണിഞ്ഞ് ഏറെ നേരം കൂടി ഗ്രൗണ്ടില്‍ ചെലവഴിച്ച ശേഷമാണ് റോണോ തിരിച്ചുകയറിയത്.
റൊണാള്‍ഡോയുടെ കരിയറിലെ ചുവപ്പു കാര്‍ഡുകളിതാ...
1. 2004 മെയ് 15 ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെയാണ് റൊണാള്‍ഡോ ഇന്നു കാണുന്ന താരമായത്. റോണോയ്ക്ക് ആദ്യം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവരുന്നതും മാഞ്ചസ്റ്ററിലായിരുന്നു. ആസ്റ്റണ്‍ വില്ലയ്ക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ രണ്ടു തവണ അനാവശ്യമായി ഡൈവ് ചെയ്ത് സമയം നഷ്ടപ്പെടുത്തിയതിനാണ് റഫറി റോണോയ്ക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കിയത്. എങ്കിലും മത്സരം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ ജയിച്ചു.
2. 2006 ജനുവരി 14 മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ
മുന്‍ യുണൈറ്റഡ് താരം അന്‍ഡി കോളിനെ ഫൗള്‍ ചെയ്തതിനായിരുന്നു റൊണാള്‍ഡോയ്ക്ക് കരിയറിലെ രണ്ടാമത്തെ ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഫൗളിന് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. മത്സരം 1-3 ന് യുണൈറ്റഡ് തോല്‍ക്കുകയും ചെയ്തു
3. 2007 ഓഗസ്റ്റ് 15 പോര്‍ട്ട്‌സ്മൗത്തിനെതിരേ
പോര്‍ട്ട്‌സ്മൗത്ത് മിഡ്ഫീല്‍ഡര്‍ റിച്ചാര്‍ഡ് ഹ്യൂസിനെ തലകൊണ്ട് ഇടിച്ചതിനായിരുന്നു റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഈ ഫൗളിന് നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിച്ച റോണോയ്ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കും ലഭിച്ചു. മത്സരം 1-1 ന് സമനിലയിലാവുകയായിരുന്നു.
4. 2008 നവംബര്‍ 30 മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ
ഒരു തവണ കൂടി മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ടു. ഷോണ്‍ റൈറ്റിനെതിരായ ഫൗളിനും ഒരു ഹാന്‍ഡ് ബോളിനുമാണ് റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഈ മത്സരം യുണൈറ്റഡാണ് ജയിച്ചത്.
5. 2009 ഡിസംബര്‍ 5 അല്‍മേരിയക്കെതിരേ
ലാ ലിഗയിലെ അദ്ദേഹത്തിന്റെ ആദ്യ ചുവപ്പ് കാര്‍ഡ്. മത്സരത്തില്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റൊണാള്‍ഡോ പിന്നീട് തുടര്‍ച്ചയായി രണ്ട് ഫൗളുകളിലേര്‍പ്പെട്ടു. മത്സരത്തില്‍ റൊണാള്‍ഡോയുടെ അഭാവത്തിലും റയല്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് വിജയിച്ചു.
6. 2010 ജനുവരി 24 മലാഗയ്‌ക്കെതിരേ
അല്‍മേരിയക്കെതിരേ ചുവപ്പ് കാര്‍ഡ് കണ്ട് ഒരു മാസത്തിനു ശേഷം റൊണാള്‍ഡോയ്ക്ക് ലാ ലിഗയിലെ രണ്ടാം ചുവപ്പ് കാര്‍ഡും ലഭിച്ചു. റയലിന്റെ മൈതാനത്തു തന്നെയായിരുന്നു മത്സരം. മലാഗ താരം പാട്രിക് മറ്റിലിഗയുടെ മുഖത്ത് കൈമുട്ട് കൊണ്ട് ഇടിച്ചതിനായിരുന്നു ചുവപ്പ് കാര്‍ഡ് കിട്ടിയത്. റയല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയിച്ച മത്സരത്തില്‍ രണ്ടു ഗോളുകളും റൊണാള്‍ഡോയുടെ വകയായിരുന്നു.
7. 2013 മേയ് 17 അത്‌ലറ്റിക്കോ മാഡ്രിഡ്
മാഡ്രിഡ് ഡെര്‍ബിയില്‍ 14 വര്‍ഷത്തിനിടെ ആദ്യമായി റയല്‍ തോറ്റ മത്സരം റൊണാള്‍ഡോയ്ക്കും അത്ര സുഖകരമായിരുന്നില്ല. അത്‌ലറ്റിക്കോ നായകന്‍ ഗാബിയെ ചവിട്ടയതിന് റൊണാള്‍ഡോയ്ക്ക് നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിക്കുകയായിരുന്നു. മത്സരം 1-2 നാണ് റയല്‍ തോറ്റത്.
8. 2014 ഫെബ്രുവരി 2 അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരേ
അത്‌ലറ്റിക്കോ ബില്‍ബാവോ താരം കാര്‍ലോസ് ഗര്‍പെഗിയുമായി തമ്മിലടിച്ചതിനും റഫറിയോട് കയര്‍ത്തതിനും റൊണാള്‍ഡോയ്ക്ക് നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിക്കുകയായിരുന്നു. പോരാത്തതിന് മൂന്നു മത്സരങ്ങളിൽ വിലക്കും ലഭിച്ചു.
9. 2015 ജനുവരി 24 കോര്‍ഡോബയ്‌ക്കെതിരേ
കോര്‍ഡോബ താരം എഡിമറിനെ ചവിട്ടിയതിനും കളിക്കളത്തില്‍ അക്രമപരമായി പെരുമാറിയതിനുമായിരുന്നു റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.
10. 2017 ഓഗസ്റ്റ് 13 ബാഴ്‌സലോണയ്‌ക്കെതിരേ
രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങി റയലിന് 2-1 ന്റെ ലീഡ് നേടിക്കൊടുത്തതിനു പിന്നാലെയാണ് റൊണാള്‍ഡോയ്ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചത്. ഗോള്‍ നേട്ടം ജഴ്‌സി ഊരി ആഘോഷിച്ചതിന് ആദ്യ മഞ്ഞയും അനാവശ്യമായി ഡൈവ് ചെയ്തതിന് രണ്ടാം മഞ്ഞയും ചുവപ്പു കാര്‍ഡും ലഭിക്കുകയായിരുന്നു. മത്സരം റയല്‍ 3-1 ന് ജയിച്ചു.
11. 2018 സെപ്റ്റംബര്‍ 19 വലന്‍സിയക്കെതിരേ
ചാമ്പ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ ആദ്യ ചുവപ്പു കാര്‍ഡ്. അതും യുവന്റസിനായുള്ള ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റത്തില്‍. വലന്‍സിയ പ്രതിരോധനിര താരം ജെയ്സണ്‍ മുറിള്ളോയുടെ തലയില്‍ തട്ടിയതിനാണ് റഫറി കളിയുടെ 29-ാം മിനിറ്റില്‍ റോണോയ്ക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കിയത്. ഇത് വിശ്വസിക്കാനാകാതെ കരഞ്ഞുകൊണ്ടാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്.
Content Highlights: cristiano ronaldo juventus red card champions league