ദുബായ്: കോടികളുടെ മണികിലുക്കമൊന്നും റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ ബാധിക്കില്ല. കളിക്കുന്ന ടീമാണ് പോര്‍ച്ചുഗീസ് താരത്തെ സംബന്ധിച്ച് പ്രധാനപ്പെട്ടത്. ചെല്‍സി വിട്ട് ഓസ്‌ക്കാറും ബൊക്ക ജൂനിയേഴ്‌സ് വിട്ട് ടെവസും ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് കുടിയേറിയപ്പോള്‍ ക്രിസ്റ്റ്യാനൊ അതിന് ഒരുക്കമല്ലാതെ തന്റെ പ്രിയപ്പെട്ട ക്ലബ്ബ് റയല്‍ മാഡ്രിഡിനൊപ്പം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഏകദേശം 2149 കോടിയോളം രൂപയാണ് ക്രിസ്‌റ്റ്യോനോയെ വിട്ടുകൊടുക്കാന്‍ റയല്‍ മാഡ്രിഡിന് ചൈനീസ് ക്ലബ്ബ് ഓഫര്‍ വെച്ചത്. ക്രിസ്റ്റ്യാനോക്ക് വര്‍ഷത്തില്‍ 716 കോടി രൂപയുടെ ഓഫറും ലഭിച്ചു. റയല്‍ മാഡ്രിഡ് നല്‍കുന്ന വരുമാനത്തേക്കാള്‍ എത്രയോ ഇരട്ടി വരുമിത്. പണം കൊണ്ട് എല്ലാം ലഭിക്കില്ലെന്നും റയല്‍ മാഡ്രിഡാണ് ക്രിസ്റ്റ്യാനോയുടെ ജീവിതമെന്നും താരത്തിന്റെ വക്താവ് ജോര്‍ജ് മെന്‍ഡെസ് വ്യക്തമാക്കി.
കാര്‍ലോസ് ടെവസിനെ 602 കോടി രൂപക്കാണ് ചൈനീസ് ക്ലബ്ബ് ഷാങ്ഹായ് ഷെന്‍ഹുവ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീല്‍ താരമായ ഓസ്‌ക്കാറിനായി ഷാങ്ഹായ് എസ്.ഐ.പി.ജി 426 കോടി രൂപ മുടക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.