റഫറിയെ പിടിച്ചുതള്ളിയ ക്രിസ്റ്റ്യാനോയ്ക്ക് അഞ്ച് മത്സരങ്ങളില്‍ നിന്ന് വിലക്ക്


2 min read
Read later
Print
Share

സൂപ്പര്‍ കപ്പിന്റെ രണ്ടാം പാദത്തിലും ലാ ലിഗയിലെ ആദ്യ നാല് മത്സരങ്ങളിലും ക്രിസ്റ്റ്യാനോയ്ക്ക് പുറത്തിരിക്കേണ്ടി വരും

മാഡ്രിഡ്: ബാഴ്‌സലോണക്കെതിരായ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റഫറിയെ പിടിച്ചുതള്ളിയ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചൂഗീസ് താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്ക് അഞ്ച് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ബാഴ്‌സയുടെ തട്ടകമായ നൗകാമ്പില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ക്രിസ്റ്റ്യാനൊ റഫറി റിക്കാര്‍ഡൊ ഡി ബര്‍ഗോസിനു നേരെ നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നു. റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനാണ് (ആര്‍.എഫ്.ഇ.എഫ്) ക്രിസ്റ്റ്യാനോയെ അഞ്ച് മത്സരത്തില്‍ നിന്ന് വിലക്കിയത്. ചുവപ്പ് കാര്‍ഡ് കണ്ടതിന് ഒരു മത്സരത്തില്‍ നിന്നും റഫറിയെ പിടിച്ചുതള്ളിയതിന് നാല് മത്സരത്തില്‍ നിന്നുമാണ് പോര്‍ച്ചുഗീസ് താരത്തെ വിലക്കിയത്.

വിലക്കിനോടൊപ്പം മൂന്ന് ലക്ഷത്തോളം രൂപ ക്രിസ്റ്റ്യോനോയ്ക്കും ഒരു ലക്ഷത്തിലധികം രൂപ റയല്‍ മാഡ്രിഡിനും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയിട്ടുണ്ട്. മത്സരത്തില്‍ 3-1ന് റയല്‍ വിജയിച്ചിരുന്നു.

അഞ്ചു മത്സരങ്ങളില്‍ വിലക്ക് വന്നതോടെ സാന്റിയാഗൊ ബെര്‍ണാബ്യുവില്‍ നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം പാദത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് കളിക്കാനാവില്ല. ഒപ്പം റയല്‍ മാഡ്രിഡിന്റെ ലാ ലിഗയിലെ ആദ്യ നാല് മത്സരങ്ങളിലും പോര്‍ച്ചുഗീസ് താരം പുറത്തിരിക്കേണ്ടി വരും. ഡീപോര്‍ട്ടീവൊ ലാ കൊറൂന, വലന്‍സിയ, ലെവാന്റെ, റയല്‍ സൊസൈദാദ് എന്നീ ടീമുകള്‍ക്കെതിരെ ക്രിസ്റ്റിയാനോയ്ക്ക് കളിക്കാനാവില്ല.

റൊണാള്‍ഡോക്ക് അപ്പീല്‍ പോകാന്‍ പത്ത് ദിവസം അനുവദിച്ചിട്ടുണ്ടെന്നും നൗകാമ്പില്‍ നിന്ന് വന്ന ഔദ്യോഗിക മത്സര റിപ്പോര്‍ട്ടില്‍ ക്രിസ്റ്റിയാനോയുടെ പിടിച്ചുതള്ളല്‍ 'മറ്റു സംഭവങ്ങള്‍' എന്ന വിഭാഗത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. അതോടൊപ്പം റയല്‍ മാഡ്രിഡ് ക്രിസ്റ്റ്യാനോയുടെ പ്രവൃത്തിയെ നിസ്സാരവത്കരിക്കാന്‍ ശ്രമിച്ചുവെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.

58-ാം മിനിറ്റിലാണ് സിദാന്‍ ക്രിസ്റ്റ്യാനോയെ കളത്തിലിറക്കിയത്. 22 മിനിറ്റിന് ശേഷം പോര്‍ച്ചൂഗീസ് താരം റയലിനെ മുന്നിലെത്തിച്ചു. ബാഴ്‌സക്കായി പെനാല്‍റ്റിയില്‍ നിന്ന് മെസ്സി ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെയാണ് ക്രിസ്റ്റ്യാനൊ വല ചലിപ്പിച്ചത്‌. ഇരുപത് വാര അകലെ നിന്ന് ബുള്ളുറ്റ് ഷോട്ടിലൂടെ ക്രിസ്റ്റിയാനൊ റയലിനെ മുന്നിലെത്തിക്കുകയായിരുന്നു. പിക്വെയെ കബളിപ്പിച്ച് നേടിയ ഗോളിന്റെ മനോഹാരിത അടുത്ത നിമിഷം ക്രിസ്റ്റിയാനൊ കളഞ്ഞുകുളിച്ചു. ജേഴ്‌സി ഊരി ആഹ്ലാദ പ്രകടനം നടത്തിയ ക്രിസ്റ്റ്യാനോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചു.

പിന്നീടാണ് ചുവപ്പ് കാര്‍ഡ് കണ്ട് ക്രിസ്റ്റ്യാനൊ പുറത്തുപോയ സംഭവം അരങ്ങേറിയത്. സാമുവല്‍ ഉമിറ്റിറ്റിയുടെ ഫൗളില്‍ നിലത്തുവീണ് പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്ത ക്രിസ്റ്റ്യാനോയ്ക്ക് അത് നിഷേധിക്കപ്പെട്ടതോടെ നിയന്ത്രണം വിട്ടു. പെനാല്‍റ്റി അനുവദിക്കാതിരുന്ന റഫറി പോര്‍ച്ചുഗീസ് താരത്തിന് രണ്ടാം മഞ്ഞക്കാര്‍ഡും കാണിച്ചു. ഇതില്‍ കുപിതനായ ക്രിസ്റ്റ്യാനൊ റഫറിയെ പിടിച്ചുതള്ളി ഗ്രൗണ്ട് വിടുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram