മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയില്ലാതെ റയല്‍ മാഡ്രിഡിന് ലാ ലിഗ സീസണിന് തുടക്കം കുറിക്കേണ്ടി വരും. ക്രിസ്റ്റ്യാനോയുടെ വിലക്ക് നീക്കാന്‍ റയല്‍ മാഡ്രിഡ് സമര്‍പ്പിച്ച അപേക്ഷ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തള്ളി. സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം പാദത്തില്‍ പുറത്തിരുന്ന പോര്‍ച്ചുഗീസ് താരത്തിന് ഇനി ലാ ലിഗയിലെ ആദ്യ നാല് മത്സരങ്ങളിലും കളിക്കാനാവില്ല. ഇത് തന്നെ വേട്ടയാടാനുള്ള നീക്കമാണെന്ന് ക്രിസ്റ്റ്യാനൊ പ്രതികരിച്ചിരുന്നു.
ബാഴ്‌സക്കെതിരായ സൂപ്പര്‍ കപ്പിന്റെ ആദ്യ പാദത്തില്‍ റഫറിയെ പിടിച്ചുതള്ളിയതിനാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ക്രിസ്റ്റ്യാനോയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പെനാല്‍റ്റിക്കായി വാദിച്ച ക്രിസ്റ്റ്യാനോയ്ക്ക് റഫറി ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ താരം റഫറിയെ പിടിച്ചുതള്ളി.
റൊണാള്‍ഡോയുടെ വിലക്ക് നീക്കാന്‍ റയല്‍ മാഡ്രിഡിന് സ്പാനിഷ് ഗവണ്മെന്റിന്റെ ട്രിബുണലില്‍ അപ്പീലിന് പോകാന്‍ അവസരമുണ്ട്. എട്ടു വര്‍ഷത്തെ റയല്‍ മാഡ്രിഡ് കരിയറില്‍ ക്രിസ്റ്റ്യാനോയുടെ ആറാമത്തെ ചുവപ്പ് കാര്‍ഡായിരുന്നു അത്.