ചാമ്പ്യന്‍സ് ലീഗ്: റയല്‍ തടിതപ്പി; സിറ്റി, ലെസ്റ്റര്‍ ജയത്തോടെ തുടങ്ങി


3 min read
Read later
Print
Share

അവസാന നിമിഷ ഗോളുകളിലാണ് റയൽ സ്പോർട്ടിങ്ങിനെ തോൽപിച്ചത്. സിറ്റിക്കുവേണ്ടി അഗ്യുറോ ഹാട്രിക് നേടി

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും അരങ്ങേറ്റക്കാരായ ലെസ്റ്റര്‍ സിറ്റിയും ജയത്തോടെ തുടങ്ങി.

റയല്‍ സ്വന്തം ഗ്രൗണ്ടില്‍ പോര്‍ച്ചുഗീസ് ടീമായ സ്‌പോര്‍ട്ടിങ്ങിനോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു (2-1). അതേസമയം സ്വന്തം മണ്ണില്‍ മാഞ്ചസ്റ്റര്‍ സിറ്റി മോണ്‍ഷാന്‍ഗ്ലാഡ്ബാഷിനെ മടക്കമില്ലാത്ത നാല് ഗോളിനും ചാമ്പ്യന്‍സ് ലീഗിലേയ്ക്ക് ആദ്യമായി സ്ഥാനക്കയറ്റം കിട്ടിയ ലെസ്റ്റര്‍ സിറ്റി എതിരാളിയുടെ തട്ടകത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ബെല്‍ജിയന്‍ ക്ലബായ ക്ലബ് ബ്രൂജിനെ മടക്കമില്ലാത്ത മൂന്ന് ഗോളിനും ബറൂസ്യ ഡോര്‍ട്ട്മണ്ട് ലെജിയയെ എതിരില്ലാത്ത ആറ് ഗോളിനും തോല്‍പിച്ചു.

മറ്റ് മത്സരങ്ങളില്‍ മൊണാക്കോ ടോട്ടനമിനെയും ലിയോണ്‍ ഡയനാമോ സെഗ്‌രെബിനെയും തോല്‍പിച്ചപ്പോള്‍ ബയര്‍ ലെവര്‍ക്യുസനെ സി.എസ്.കെ.എ മോസ്‌ക്കാവയെയും കോബെന്‍ഹാവന്‍ എഫ്.സി. പോര്‍ട്ടോയെയും യുവന്റസ് സെവിയ്യയെയും സമനിലയില്‍ തളച്ചു.

48-ാം മിനിറ്റില്‍ ബ്രൂണോ സെസാറിന്റെ ഗോളില്‍ ലീഡ് വഴങ്ങിയശേഷമാണ് റയല്‍ അവസാന നിമിഷ ഗോളുകളില്‍ രക്ഷപ്പെട്ടത്. 89-ാം മിനിറ്റില്‍ റൊണാള്‍ഡോയാണ് സമനില നേടിക്കൊടുത്തത്. ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റില്‍ മൊറാട്ട വിജയഗോള്‍ വലയിലാക്കി റയലിന്റെ മാനം കാത്തു.

മാഞ്ചസ്റ്റര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരില്‍ സെര്‍ജിയോ അഗ്യുറോയുടെ ഹാട്രിക്കിന്റെ ബലത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മന്‍ ക്ലബായ ബറൂസ്യ ബോണ്‍ഷെന്‍ഗ്ലാഡ്ബാഷിനെ മടക്കമില്ലാത്ത നാല് ഗോളിന് തകര്‍ത്തത്. ഒന്‍പതാം മിനിറ്റിലായിരുന്നു അഗ്യുറോയുടെ ആദ്യ ഗോള്‍. 28-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അഗ്യുറോ തന്നെ ലീഡുയര്‍ത്തി. 77-ാം മിനിറ്റില്‍ ഹാട്രിക് തികയ്ക്കുകയും ചെയ്തു. ഇഞ്ച്വറി ടൈമിന്റെ ഒന്നാം മിനിറ്റില്‍ നൈജീരിയന്‍ സ്‌ട്രൈക്കര്‍ കെലെച്ചി ഇല്യനാചോ സ്‌കോര്‍നില പൂര്‍ത്തിയാക്കി.

ഗ്രൂപ്പ് ജിയില്‍ മഹ്‌രെസിന്റെ ഇരട്ടഗോളിലാണ് ലെസ്റ്റര്‍ ബ്രൂജിനെ തകര്‍ത്തത്. അഞ്ചാം മിനിറ്റില്‍ അല്‍ബ്രൈറ്റന്റെ ഗോളിലാണ് ലെസ്റ്റര്‍ ലീഡ് നേടിയത്. 29-ാം മിനിറ്റില്‍ മഹ്‌രെസ് ലീഡുയര്‍ത്തി. 61-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് പട്ടിക തികയ്ക്കുകയും ചെയ്തു.

വാഴ്‌സോയില്‍ ആറു പേര്‍ ലക്ഷ്യം കണ്ട ഗ്രൂപ്പ് എഫ് മത്സരത്തിലാണ് ബറൂസ്യ പോളിഷ് ടീമായ ലെജിയയെ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്തത്. ഗോറ്റ്‌സെ, പാപ്പാസ്റ്റാതോപൗലോസ്, ബാര്‍ത്ര, റാഫേല്‍ ഗ്വെരെയ്‌രോ, കാസ്‌ട്രോ, ഔബാമെയാങ് എന്നിവരായിരുന്നു ബറൂസ്യയുടെ സ്‌കോറര്‍മാര്‍.

സ്വന്തം തട്ടകത്തില്‍ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തില്‍ ഡയനാമോ സെഗ്‌രബിനെതിരെ ഫ്രഞ്ച് ക്ലബായ ലിയോണിനുവേണ്ടി ടോളിസ്സോ, ഫെറി, കോര്‍നെറ്റ് എന്നിവര്‍ ലക്ഷ്യം കണ്ടു. കഴിഞ്ഞ സീസണില്‍ സ്വന്തം ഗ്രൗണ്ടില്‍ നടന്ന മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും തോല്‍ക്കാനായിരുന്നു ലിയോണിന്റെ വിധി.

ഗ്രൂപ്പ് ഇയില്‍ സ്വന്തം സ്‌റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍ക്കാനായിരുന്നു ഇംഗ്ലീഷ് ക്ലബ് ടോട്ടനമിന്റെ തലയിലെഴുത്ത്. ഒന്നിനെതിരെ രണ്ട് ഗോളനിനാണ് ഫ്രഞ്ച് ടീം മൊണാക്കോ അവര്‍ വീഴ്ത്തിയത്. പതിനഞ്ചാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയാണ് മൊണാക്കോയുടെ ആദ്യഗോള്‍ നേടിയത്. 31-ാം മിനിറ്റില്‍ ലെമര്‍ ലീഡുയര്‍ത്തി. 45-ാം മിനിറ്റില്‍ ആല്‍ഡെര്‍വെള്‍ഡ് ടോട്ടനമിനുവേണ്ടി ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല.

ഗ്രൂപ്പ് ഇയിലെ ആദ്യ ഹോം മാച്ചില്‍ രണ്ട് തവണ നേടിയ ലീഡ് കളഞ്ഞുകുളിച്ചാണ് ബയറണ്‍ ലെവര്‍ക്യുസന്‍ റഷ്യന്‍ ക്ലബായ സി.എസ്.കെ.എ. മോസ്‌ക്കോയോട് സമനില വഴങ്ങിയത് (2-2). ഒന്‍പതാം മിനിറ്റില്‍ മെഹ്‌മെദിയാണ് ലെവര്‍ക്യുസനെ ആദ്യം മുന്നിലെത്തിച്ചത്. 15-ാം മിനിറ്റില്‍ ഹാകന്‍ കാല്‍ഹാനോഗ്ലു ലീഡുയര്‍ത്തി. എന്നാല്‍, രണ്ട് മിനിറ്റില്‍ നേടിയ രണ്ട് ഗോളുകളില്‍ സി.എസ്.കെ.എ. തിരിച്ചടിച്ചു. 36-ാം മിനിറ്റില്‍ സാഗോവിന്റേതായിരുന്നു ആദ്യ ഗോള്‍. 38-ാം മിനിറ്റില്‍ എരെമെന്‍കോ ഒപ്പമെത്തിച്ചു.

ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ ലീഡ് നേടിയിട്ടും ഡെന്‍മാര്‍ക്കിലെ എഫ്.സി. കോപ്പന്‍ഹേഗനെതിരെ അത് കളഞ്ഞുകളിക്കുകയായിരുന്നു പോര്‍ച്ചുഗീസ് ടീമായ എഫ്.സി. പോര്‍ട്ടൊ (1-1). 13-ാം മിനിറ്റില്‍ ഒട്ടാവിയോയാണ് പോര്‍ട്ടോയ്ക്കുവേണ്ടി ലീഡ് നേടിയത്. 52-ാം മിനിറ്റില്‍ കോര്‍ണീലിയര്‍ കോപ്പന്‍ഹേഗനെ ഒപ്പമെത്തിച്ചു.

ടൂറിനില്‍ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തില്‍ യുവന്റസിനെ സെവിയ്യ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram