ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ, ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ടീമുകള്‍ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി.
ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മുൻ ചാമ്പ്യന്മാരായ ബാഴ്‌സ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ നൗ ക്യാമ്പില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സയ്ക്കു തന്നെയായിരുന്നു മുന്‍തൂക്കം. 32-ാം മിനിറ്റില്‍ റഫീഞ്ഞ്യയും 83-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുമാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്.
കൈയ്ക്ക് പൊട്ടലുള്ള സൂപ്പര്‍ താരം മെസ്സി ഇല്ലാതെയാണ് ബാഴ്സ ഇറങ്ങിയത്. ഗ്രൂപ്പില്‍ മൂന്ന് കളിയും ജയിച്ച ബാഴ്സ ഒന്‍പതു പോയിന്റുമായി ഒന്നാമതാണ്. ഇന്റര്‍ മിലാന്‍ തന്നെയാണ് ഗ്രൂപ്പില്‍ രണ്ടാമത്.
അതേസമയം ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പിച്ചു. റാഫേല്‍ ഗ്വെരേരോ ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ആക്സല്‍ വിറ്റ്സല്‍, ജാഡോണ്‍ സാഞ്ചോ എന്നിവരും ഡോര്‍ട്ട്മുണ്ടിനായി സ്‌കോര്‍ ചെയ്തു. ഗ്രൂപ്പില്‍ ഒന്‍പതു പോയിന്റുമായി ഡോര്‍ട്ട്മുണ്ടാണ് ഒന്നാമത്. ആറ് പോയിന്റുമായി അത്ലറ്റിക്കോ രണ്ടാമതുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ലിവര്‍പൂള്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ പരാജയപ്പെടുത്തി. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ ഇരട്ട ഗോളുകളോടെ തിളങ്ങിയ മത്സരത്തില്‍ റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ലിവര്‍പൂളിനായി സലാ 50 ഗോളുകള്‍ തികയ്ക്കുകയും ചെയ്തു.
അതേസമയം ഏയ്ഞ്ചല്‍ ഡി മരിയ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളില്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജി, ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയോട് സമനിലയുമായി രക്ഷപ്പെട്ടു. മത്സരം 2-1 ന് നാപ്പോളി സ്വന്തമാക്കുമെന്ന ഘട്ടത്തിലായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. ലൊറേന്‍സോ ഇന്‍സിഗ്‌നി, ഡ്രയ്സ് മെര്‍ട്ടന്‍സ് എന്നിവരാ നാപ്പോളിക്കായി സ്‌കോര്‍ ചെയ്തത്. പി.എസ്.ജിയുടെ ആദ്യ ഗോള്‍ മാരിയോ റൂയി വഴങ്ങിയ സെല്‍ഫ് ഗോളായിരുന്നു.
Content Highlights: champions league win for barcelona liverpool dortmunt