ബാഴ്‌സയും ലിവര്‍പൂളും നേര്‍ക്കുനേര്‍ വരുമ്പോള്‍


2 min read
Read later
Print
Share

ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടായ നൗക്കാമ്പില്‍ ബുധനാഴ്ച രാത്രി 12.30-നാണ് സെമി ആദ്യപാദത്തില്‍ കരുത്തര്‍ ഏറ്റുമുട്ടുന്നത്.

ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലില്‍ ബാഴ്സലോണയും ലിവര്‍പൂളും ഏറ്റുമുട്ടുമ്പോള്‍ ഒരു കാര്യത്തിലേ ഉറപ്പുള്ളൂ. ഈ സീസണില്‍ അസാധ്യഫോമില്‍ മുന്നേറുന്ന രണ്ടു ടീമുകളിലൊന്നേ ഫൈനലിലുണ്ടാകൂ. ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടായ നൗക്കാമ്പില്‍ ബുധനാഴ്ച രാത്രി 12.30-നാണ് സെമി ആദ്യപാദത്തില്‍ കരുത്തര്‍ ഏറ്റുമുട്ടുന്നത്.

മെസ്സിയുടെ മോഹം

കളിക്കാരനായി നാലുതവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട് ലയണല്‍ മെസ്സി. ഇത്തവണ ബാഴ്സലോണ ടീമിന്റെ നായകനാണ് സൂപ്പര്‍താരം. ഇക്കുറി കപ്പുയര്‍ത്താന്‍ ഏറെ ആഗ്രഹമുണ്ടെന്ന് മെസ്സി പ്രഖ്യാപിച്ചിട്ടുമുണ്ട്. കിരീടവഴിയില്‍ ബാഴ്സയ്ക്ക് മുന്നിലുള്ള ഏറ്റവും ശക്തരാണ് ലിവര്‍പൂള്‍.

15 തവണ ബാഴ്സ ചാമ്പ്യന്‍സ് ലീഗ് സെമി കളിച്ചിട്ടുണ്ട്. ഇതില്‍ എഴ് ജയവും എട്ട് തോല്‍വിയുമാണ് ഫലം. 2014-15 സീസണില്‍ അവസാനം സെമികളിച്ചപ്പോള്‍ ബയറണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു.

ഇത്തവണ ടീം മികച്ച ഫോമിലാണ്. സീസണില്‍ ലക്ഷ്യമിടുന്നത് മൂന്ന് കിരീടം. ഇതില്‍ ലാലിഗ കിരീടം സ്വന്തമായി. ഇനിയുള്ളത് ചാമ്പ്യന്‍സ് ലീഗും സ്പാനിഷ് കിങ്സ് കപ്പും. ലയണല്‍ മെസ്സിയുടെ മിന്നുന്ന ഫോമും സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ ആനുകൂല്യവുമാണ് ബാഴ്സയുടെ പ്രതീക്ഷ. സീസണില്‍ ഇതുവരെ 45 കളിയില്‍ 46 ഗോള്‍ നേടിയ മെസ്സി ടീമിനെ ഏറക്കുറെ ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകുന്നു.

4-3-3 ശൈലിയില്‍ കളിക്കുന്ന ബാഴ്‌സയുടെ കരുത്ത് മെസ്സി അണിനിരക്കുന്ന മുന്നേറ്റനിര തന്നെ. മെസ്സിക്കൊപ്പം ലൂയി സുവാരസിനും സ്ഥാനമുറപ്പാണ്. മൂന്നാമനായി ഫിലിപ്പ് കുടീന്യോയോ ഒസ്മാനെ ഡെംബലയോ വരും. മധ്യനിരയില്‍ സെര്‍ജി ബുസ്‌കെറ്റ്സ്- ഇവാന്‍ റാക്കിട്ടിച്ച്-അര്‍തര്‍ ത്രയമാകും. പ്രതിരോധത്തിന്റെ നേതൃത്വം ജെറാര്‍ഡ് പീക്വ ഏറ്റെടുക്കും. മികച്ച വിജയത്തിലൂടെ മുന്‍തൂക്കം നേടിയെടുക്കാനുള്ള തന്ത്രമാകും പരിശീലകന്‍ ഏണസ്റ്റോ വെല്‍വെര്‍ദെ തയ്യാറാക്കുന്നത്.

സാധ്യതാ ടീം: ടെര്‍ സ്റ്റീഗന്‍, സെര്‍ജി റോബര്‍ട്ടോ, പീക്വെ. ലെന്‍ഗ്ലെറ്റ്, ജോര്‍ഡി ആല്‍ബ, റാക്കിട്ടിച്ച്. ബുസ്‌കെറ്റ്സ്, അര്‍തര്‍, മെസ്സി, സുവാരസ്, ഡെംബലെ.

കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍

പ്രീമിയര്‍ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുമായി കിരീടപോരാട്ടത്തിലുള്ള ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗിലും മറ്റൊരു കടുത്തപോരാട്ടത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. സീസണില്‍ മികച്ചഫോമില്‍ കളിക്കുന്ന ടീം ഇക്കുറി കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. തുടര്‍ച്ചയായ രണ്ടാം തവണയും സെമിയില്‍ കളിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്.

യര്‍ഗന്‍ ക്ലോപ്പിന്റെ ഗീഗന്‍പ്രസ്സിങ് ശൈലിയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി പ്രതിരോധം ശക്തമാക്കിയാണ് കളി. ഡച്ച് താരം വിര്‍ജില്‍ വാന്‍ഡെയ്ക്കിന്റെ സാന്നിധ്യം കരുത്തുകൂട്ടും. പ്രീമിയര്‍ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുത്തത് വാന്‍ഡെയ്ക്കിനെയായിരുന്നു.

പരിക്ക് അലട്ടുന്നുണ്ടെങ്കിലും റോബര്‍ട്ടോ ഫിര്‍മിനോ ആദ്യ ഇലവനില്‍ കളിക്കും. സാദിയോ മാനെ-ഫിര്‍മിനോ-മുഹമ്മദ് സല എന്നിവര്‍ കളിക്കുന്ന മുന്നേറ്റമാണ് ടീമിന്റെ കരുത്ത്. ക്ലോപ്പിന്റെ ശൈലിയില്‍ പ്ലേമേക്കര്‍ റോളില്ലാത്തതിനാല്‍ മധ്യ-പ്രതിരോധനിരകള്‍ക്ക് ആക്രമണവും പ്രതിരോധവും ഒരുപോലെ ഒരുക്കേണ്ടതായുണ്ട്. അലക്‌സാന്‍ഡര്‍ അര്‍നോള്‍ഡും ആന്‍ഡ്രു റോബര്‍ട്‌സനും അതിവേഗ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിവുള്ള വിങ്ബാക്കുകളാണ്. സെമിയില്‍ പത്തുതവണ കളിച്ചപ്പോള്‍ എട്ടുതവണയും ജയിച്ച ചരിത്രം ഇംഗ്ലീഷ് ക്ലബ്ബിനുണ്ട്. കഴിഞ്ഞതവണ ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ്. റോമയെ കീഴടക്കിയാണ് ഫൈനലിലേക്ക് മുന്നേറിയത്.

സാധ്യത ടീം: അലിസ്സണ്‍, അര്‍നോള്‍ഡ്, മാട്ടിപ്പ്, വാന്‍ഡെയ്ക്, റോബര്‍ട്‌സന്‍, ഹെന്‍ഡേഴ്സന്‍, ഫാബിന്യോ, വിയ്നാല്‍ഡം, സല, ഫിര്‍മിനോ, മാനെ.

Content Highlights: Champions League Semi Final Barcleona vs Liverpool

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram