മ്യൂണിക്ക്: ആര്യന്‍ റോബനും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ബെന്‍ഫിക്കയെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബയറണ്‍ മ്യൂണിക്ക്.
13-ാം മിനിറ്റില്‍ റോബന്‍ ബയറണിനായി ആദ്യ ഗോള്‍ നേടി. പിന്നാലെ 30-ാം മിനിറ്റില്‍ അദ്ദേഹം തന്നെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 36, 51 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഗോളുകള്‍. 76-ാം മിനിറ്റിലെ ഗോളിലൂടെ റിബറി ബയറണിന്റെ ഗോള്‍ പട്ടിക തികച്ചു. 46-ാം മിനിറ്റില്‍ ഗെഡ്സണ്‍ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു ബെന്‍ഫിക്കയുടെ ആശ്വാസ ഗോള്‍.
മാന്‍സുകിച്ചിന്റെ ഗോളില്‍ യുവെ
ടൂറിന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസ് നോക്കൗട്ടില്‍ കടന്നു. സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് വലന്‍സിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് യുവെ അസാന 16-ലേക്ക് മുന്നേറിയത്.
59-ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ചാണ് യുവെന്റസിന്റെ വിജയ ഗോള്‍ നേടിയത്. റൊണാള്‍ഡോയുടെ മുന്നേറ്റത്തില്‍ നിന്നായിരുന്നു മാന്‍സുകിച്ചിന്റെ ഗോള്‍. റോണോയുടെ ക്രോസില്‍ ഒന്ന് കാലു വെയ്‌ക്കേണ്ട കാര്യമേ മാന്‍സുകിച്ചിനുണ്ടായിരുന്നുള്ളൂ. തോല്‍വിയോടെ വലന്‍സിയെ നോക്കൗട്ട് കാണാതെ പുറത്തായി.
അവസാന മിനിറ്റിലെ ഗോളില്‍ യുണൈറ്റഡ്
മാഞ്ചെസ്റ്റര്‍: യങ് ബോയ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ കടന്നു. 91-ാം മിനിറ്റില്‍ ഫെല്ലെയ്‌നിയാണ് യുണൈറ്റഡിന്റെ വിജയ ഗോള്‍ നേടിയത്.
പോഗ്ബയും ലുക്കാക്കുവും ഇല്ലാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ചിട്ടും യങ് ബോയ്‌സിന്റെ പ്രതിരോധ നിരയെ മറികടക്കാന്‍ യുണൈറ്റഡിനായില്ല. ഇതോടെ വിജയഗോള്‍ കണ്ടെത്താന്‍ അവര്‍ക്ക് 91 മിനിറ്റുകള്‍ കാത്തിരിക്കേണ്ടി വന്നു. അഞ്ചാം മിനിറ്റില്‍ ലഭിച്ച ഒരു സുവര്‍ണാവസരം റാഷ്‌ഫോര്‍ഡ് പാഴാക്കിയിരുന്നു. വിജയത്തോടെ യുണൈറ്റഡ് നോക്കൗട്ടില്‍ കടന്നു. താരതമ്യേന കുഞ്ഞന്മാരായ എതിരാളികളാണെങ്കിലും മാഞ്ചെസ്റ്ററിനെതിരെ മിന്നുന്ന ചെറുത്തു നില്‍പ്പാണ് യങ് ബോയ്‌സ് നടത്തിയത്.
ലിയോണിനെതിരേ വിറച്ച് സിറ്റി
ലിയോണ്‍: എവേ മൈതാനത്ത് ഒളിമ്പിക് ലിയോണിനു മുന്നില്‍ വിറച്ച് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റി. മാക്‌സ്‌വെല്‍ കോര്‍നെറ്റിന്റെ ഇരട്ട ഗോളുകളിലാണ് ലിയോണ്‍, സിറ്റിയെ വിറപ്പിച്ചത്. 55, 81 മിനിറ്റുകളിലായിരുന്നു കോര്‍നെറ്റിന്റെ ഗോളുകള്‍. 62-ാം മിനിറ്റില്‍ അയ്‌മെറിക് ലപ്പോര്‍ട്ടെയാണ് സിറ്റിക്കായി ആദ്യ ഗോള്‍ മടക്കിയത്. 83-ാം മിനിറ്റില്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ സിറ്റിയുടെ സമനില ഗോളും നേടി. വിജയത്തോടെ ഗ്രൂപ്പ് എഫില്‍ നിന്ന് സിറ്റി നോക്കൗട്ട് ഉറപ്പിച്ചു.
Content Highlights: champions league results, manchester united, manchester city, bayern munich