മാഡ്രിഡ്: ലാ ലിഗയില്‍ സ്ഥിരതയോടെ മുന്നേറുന്ന റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലും അടി തെറ്റിയില്ല. ബാഴ്‌സലോണ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജിക്ക് മുന്നില്‍ വീണതോടെ റയലിനും അതേ ദുര്‍വിധി വരുമെന്ന കണക്കു കൂട്ടലുകള്‍ തെറ്റിച്ചായിരുന്നു സിദാന്റെ സംഘത്തിന്റെ വിജയം. സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നടന്ന പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ നാപ്പോളിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്.
മത്സരഗതിക്ക് വിപരീതമായി എട്ടാം മിനിറ്റില്‍ ലോറെന്‍സോ ഇന്‍സിഗ്നെ ഒന്നാന്തരമൊരു വലങ്കാലന്‍ ഷോട്ടിലൂടെ നാപ്പോളിയെ മുന്നിലെത്തിച്ചു. ഇന്‍സിഗ്നെയുടെ അളന്നു മുറിച്ച ഷോട്ടിലേക്ക് റയല്‍ ഗോളി കെയ്‌ലര്‍ നവാസ് വീണു നോക്കിയെങ്കിലും പന്ത് വലയുടെ മൂലയില്‍ പതിച്ചു.
എന്നാല്‍ പത്ത് മിനിറ്റിന് ശേഷം ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ കരീം ബെന്‍സെമ റയലിനെ ഒപ്പമെത്തിച്ചു. ഡാനി കര്‍വാജലിന്റെ ക്രോസില്‍ പെപ് റെയ്‌നയെ മറികടന്നായിരുന്നു ബെന്‍സമയുടെ ഹെഡ്ഡര്‍. 49ാം മിനിറ്റില്‍ നാപ്പോളിയുടെ പ്രതിരോധത്തിനടയിലൂടെ ലക്ഷ്യം കണ്ട് ടോണി ക്രൂസ് റയലിനെ മുന്നിലെത്തിച്ചു. പിന്നീട് കാസ്മിരോയുടെ അവസരമായിരുന്നു. 54ാം മിനിറ്റില്‍ ഒന്നാന്തരമൊരു വോളിയിലൂടെ കാസ്മിരോ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
കാസ്മിരോയുടെ ഗോള്‍
Now it's Casemiro's turn for a wonderful goal #RMNAP#Casemiropic.twitter.com/87aOE29ofr
— Abhijith (@ITSABHITWEETING) February 15, 2017
മാര്‍ച്ച് ഏഴിന് നടക്കുന്ന രണ്ടാം പാദത്തില്‍ മികച്ച ഗോള്‍വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമേ നാപ്പോളിക്ക് ക്വാര്‍ട്ടര്‍ കാണാനാകൂ. അതേസമയം രണ്ടു ഗോള്‍ വ്യത്യാസത്തിലുള്ള വിജയം റയലിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തു.
റയലിന്റെ വിജയത്തിനിടയിലും ക്രിസ്റ്റ്യാനോയുടെ മോശം ഫോം നിഴലിച്ചു നിന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടാതെ 523 മിനിറ്റുകളാണ് ക്രിസ്റ്റിയാനൊ പിന്നിട്ടത്. പോര്‍ച്ചുഗീസ് താരത്തിന്റെ റയലിനായുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ഗോള്‍വരള്‍ച്ചയാണിത്.
നാപ്പോളിക്കെതിരായ മത്സരത്തിനിടെ 12 വാര അകലെ നിന്ന് ക്രിസ്റ്റ്യാനോക്ക് ഗോളടിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചതാണ്. എന്നാല്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് അടിച്ചു കളഞ്ഞ് ക്രിസ്റ്റ്യാനോ അവസരം തുലച്ചു.