പാരീസ്: ആകാശത്തിന് ചുവട്ടിലെ ഏത് മണ്ണും നാടും ക്രിസ്റ്റ്യാനോയ്ക്ക് സമമാണ്. സാന്റിയാഗോ ബെര്‍ണാബുവായാലും പാരീസിലെ പ്രിന്‍സസ് പാര്‍ക്കായാലും മുന്നില്‍ നിന്നോ പിന്നില്‍നിന്നോ തുണ വേണ്ട. ഇരു മൈതാനങ്ങളിലും ലക്ഷ്യംതെറ്റാത്ത ബൂട്ടുകളുമായി കളിച്ച സൂപ്പര്‍താരത്തിന്റെ ചിറകിലേറി റയല്‍ മഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടറിലേക്ക് കുതിച്ചു.
എണ്ണപ്പണത്തിന്റെ കരുത്തില്‍ കിരീടം സ്വപ്നംകണ്ട ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യെ പ്രീക്വാര്‍ട്ടറിന്റെ രണ്ടാംപാദത്തില്‍ 2-1 ന് തോല്‍പ്പിച്ചതോടെ അന്തസ്സായിത്തന്നെ സ്പാനിഷ് ക്ലബ്ബ് മുന്നോട്ടുകയറി. ഇരുപാദങ്ങളിലുമായി 5-2 ന്റെ മുന്‍തൂക്കം.
51-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 80-ാം മിനിറ്റില്‍ കാസെമീറോയും റയലിന്റെ ഗോളുകള്‍ നേടി. 71-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയുടെ വകയായിരുന്നു പി.എസ്.ജി.യുടെ ഗോള്‍. ആദ്യപാദത്തില്‍ റയല്‍ 3-1 ന് ജയിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ ഇരട്ടഗോള്‍ നേടിയിരുന്നു.
തുടര്‍ച്ചയായ എട്ടാം തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. പരിക്കിന്റെ പിടിയിലായ സൂപ്പര്‍താരം നെയ്മറിന്റെ അഭാവം പി.എസ്.ജി. നിരയില്‍ നിഴലിച്ചു. 66-ാം മിനിറ്റില്‍ മാര്‍ക്കോ വെറാട്ടി ചുവപ്പുകാര്‍ഡ് വഴങ്ങി പുറത്തായത് തിരിച്ചുവരാമെന്ന പി.എസ്.ജി.യുടെ മോഹം തല്ലിക്കെടുത്തി.
ലാലിഗയില്‍ മോശം ഫോമിലുള്ള റയലായിരുന്നില്ല ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി.ക്കെതിരേ കളത്തില്‍ കണ്ടത്. ആദ്യപകുതിയില്‍ സെര്‍ജിയോ റാമോസിന്റെയും കരീം ബെന്‍സേമയുടെയും ശ്രമങ്ങള്‍ പി.എസ്.ജി. കീപ്പര്‍ അല്‍ഫോണ്‍സ് ഏരിയോല തടുത്തിട്ടില്ലായിരുന്നെങ്കില്‍ മത്സരത്തില്‍ റയലിന്റെ ലീഡ് ഉയര്‍ന്നേനേ.
# കരുത്തോടെ ചെമ്പട
ലണ്ടന്‍: ആദ്യ പാദത്തില്‍ അടിച്ചുകൂട്ടിയ അഞ്ചുഗോളുകള്‍ ചെമ്പടയെ മുന്നോട്ട് നയിച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പോര്‍ട്ടോയുമായി സ്വന്തം ഗ്രൗണ്ടില്‍ ഗോള്‍രഹിതസമനിലയില്‍ പിരിഞ്ഞിട്ടും ലിവര്‍പൂള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇരുപാദങ്ങളിലുമായി (5-0). 2008-09 സീസണിനുശേഷം ആദ്യമാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ അവസാന എട്ടിലേക്ക് മുന്നേറുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മിന്നുന്നഫോമിലുള്ള ലിവര്‍പൂളിനെയായിരുന്നില്ല ചൊവ്വാഴ്ച പോര്‍ട്ടോയ്ക്കെതിരേ കളത്തില്‍ കണ്ടത്. ആദ്യപകുതിയില്‍ നിരവധിയവസരങ്ങള്‍ കിട്ടിയിട്ടും ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല.
- 12- ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ നേടിയത്.
- 33- മഞ്ഞക്കാര്‍ഡുകളാണ് സെര്‍ജിയോ റാമോസ് ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ വാങ്ങിയത്. പി.എസ്.ജി.ക്കെതിരായ മത്സരത്തിലെ കാര്‍ഡോടെ ഏറ്റവും കൂടുതല്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയ താരമായി മാറി.
- 8- തുടര്‍ച്ചയായി എട്ടാം തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.
- 9- തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലും ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഗോള്‍. റൂഡ് വാന്‍ നിസ്റ്റല്‍ റൂയിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം.
- 100- കരീം ബെന്‍സേമ ചാമ്പ്യന്‍സ് ലീഗില്‍ 100 മത്സരങ്ങള്‍ തികച്ചു. തിയറി ഹെന്റിക്കും പാട്രിസ് എവ്റക്കുംശേഷം ചാമ്പ്യന്‍സ് ലീഗില്‍ 100 മത്സരം കളിക്കുന്ന മൂന്നാം ഫ്രഞ്ച് താരം.