ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച പൊടിപാറും പോരാട്ടങ്ങള്‍; റയല്‍, പി.എസ്.ജി, സിറ്റി, യുവെ കളത്തില്‍


2 min read
Read later
Print
Share

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡും ഫ്രഞ്ച് ശക്തികളായ പി.എസ്.ജി.യും മുഖാമുഖം വരുമ്പോള്‍ മറ്റൊരു കളിയില്‍ അത്ലറ്റിക്കോ മഡ്രിഡ് യുവെന്റസുമായി ഏറ്റുമുട്ടും

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബുധനാഴ്ച സൂപ്പര്‍ പോരാട്ടങ്ങള്‍. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡും ഫ്രഞ്ച് ശക്തികളായ പി.എസ്.ജി.യും മുഖാമുഖം വരുമ്പോള്‍ മറ്റൊരു കളിയില്‍ അത്ലറ്റിക്കോ മഡ്രിഡ് യുവെന്റസുമായി ഏറ്റുമുട്ടും. ബുധനാഴ്ച രാത്രി 12.30-നാണ് കിക്കോഫ്. മാഞ്ചെസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്, ടോട്ടനം ക്ലബ്ബുകളും കളത്തിലിറങ്ങുന്നുണ്ട്.

സ്വന്തം തട്ടകത്തിലാണ് പി.എസ്.ജി. റയലിനെ നേരിടുന്നത്. ഫ്രഞ്ച് ലീഗില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്നുണ്ടെങ്കിലും സൂപ്പര്‍ താരങ്ങളായ നെയ്മര്‍, എഡിസന്‍ കവാനി, കൈലിയന്‍ എംബാപ്പെ എന്നിവര്‍ കളിക്കാനില്ലാത്തത് പി.എസ്.ജി.ക്ക് കനത്ത തിരിച്ചടിയാണ്.

കവാനിയും എംബാപ്പെയും പരിക്കിന്റെ പിടിയിലാണ്. നെയ്മര്‍ക്ക് കഴിഞ്ഞ സീസണില്‍ ലഭിച്ച സസ്‌പെന്‍ഷനുണ്ട്. ഇന്റര്‍മിലാനില്‍നിന്നെത്തിയ മൗറോ ഇക്കാര്‍ഡി-എയ്ഞ്ചല്‍ ഡി മരിയ-പൗളോ സറാബിയ എന്നിവരാകും പി.എസ്.ജി. ആക്രമണത്തില്‍.

മറുവശത്ത് റയലിനെയും പരിക്കും സസ്‌പെന്‍ഷനും അലട്ടുന്നുണ്ട്. നായകന്‍ സെര്‍ജിയോ റാമോസ്, നാച്ചോ എന്നിവര്‍ സസ്‌പെന്‍ഷന്‍മൂലം കളിക്കില്ല. ഇസ്‌കോ, മാര്‍ക്കോ അലെന്‍സിയോ, ലൂക്ക മോഡ്രിച്ച് എന്നിവര്‍ക്ക് പരിക്കുണ്ട്. മുന്നേറ്റത്തില്‍ കരീം ബെന്‍സേമയുടെയും മധ്യനിരയില്‍ കാസെമിറോയുടെയും മികച്ച ഫോമാണ് റയലിന്റെ കരുത്ത്. വിങ്ങറായ ഇഡന്‍ ഹസാര്‍ഡിന്റെ സാന്നിധ്യവും ടീമിന് ഗുണംചെയ്യും. രാത്രി 12.30-നാണ് മത്സരം. ഗ്രൂപ്പ് എ-യിലെ മറ്റൊരു കളിയില്‍ ക്ലബ്ബ് ബ്രൂഗ്ഗ് തുര്‍ക്കി ക്ലബ്ബ് ഗലാറ്റസറെയെ നേരിടും. ഈ മത്സരം രാത്രി 10.25-നാണ്.

ഗ്രൂപ്പ് ഡി-യിലാണ് അത്ലറ്റിക്കോ മഡ്രിഡ് യുവെന്റസിനെ നേരിടുന്നത്. മഡ്രിഡില്‍ രാത്രി 12.30-നാണ് കളി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - ഗോണ്‍സാലോ ഹിഗ്വെയ്ന്‍ - ഫെഡ്രറിക്കോ ബെര്‍ണാഡ്ഷി എന്നിവര്‍ കളിക്കുന്ന മുന്നേറ്റമാണ് യുവന്റസിന്റെ ശക്തി. ജോര്‍ജിയോ കില്ലിനി, ഡഗ്ലസ് കോസ്റ്റ, മാത്തിയ ഡിസാഗ്ലിയോ എന്നിവര്‍ പരിക്കുമൂലം കളിക്കാനുണ്ടാകില്ല. ഡീഗോ കോസ്റ്റയും യുവതാരം ജാവോ ഫെലിക്‌സും കളിക്കുന്ന മുന്നേറ്റനിര അത്ലറ്റിക്കോ മഡ്രിഡിനും ശക്തിപകരുന്നു. തോമസ് ലെഹര്‍, സോള്‍ നിഗുസ്, കോക്കെ, എയ്ഞ്ചല്‍ ഡി കൊറേയ എന്നിവര്‍ അണിനിരക്കുന്ന മധ്യനിരയാണ് ടീമിന്റെ ശക്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബയേര്‍ ലെവര്‍ക്കൂസന്‍ ലോക്കോമോട്ടീവ് മോസ്‌കോയെ നേരിടും.

ഗ്രൂപ്പ് ബി-യില്‍ ബയേണ്‍ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിനെയും ടോട്ടനം ഒളിമ്പ്യാക്കോസിനെയും നേരിടും. ടോട്ടനത്തിന്റെ കളി രാത്രി 10.25-നും ബയേണിന്റേത് 12.30-നുമാണ്. ഗ്രൂപ്പ് സി-യിലാണ് ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റി കളിക്കാനിറങ്ങുന്നത്. യുക്രൈന്‍ ക്ലബ്ബ് ഷക്തര്‍ ഡൊണെറ്റസ്‌കാണ് എതിരാളി. മറ്റൊരു കളിയില്‍ ഡിനാമോ സാഗ്രെബ്, അറ്റ്ലാന്റയുമായി കളിക്കും. മത്സരങ്ങള്‍ 12.30-ന് ആരംഭിക്കും.

Content Highlights: champions league real, juventus, psg have matches todyay

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram