ലണ്ടന്‍: ഏഴു ഗോളുകള്‍, എക്‌സ്ട്രാ ടൈമില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെമിയിലേക്കുള്ള ഗോള്‍ വന്നിട്ടും വാറിലൂടെ ഓഫ് സൈഡ് വിധി, ഒടുവില്‍ സിറ്റിയെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ അട്ടിമറിച്ച് ടോട്ടന്‍ഹാം ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലേക്ക്. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ കണ്ടത് അതിനാടകീയ രംഗങ്ങള്‍.
രണ്ടാം പാദത്തില്‍ 4-3ന് സിറ്റി വിജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-4 വരികയായിരുന്നു. ഇതോടെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം അവസാന നാലിലെത്തി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ ടോട്ടനം 1-0ത്തിന് വിജയിച്ചിരുന്നു.
ഇരട്ടഗോളുമായി കളം നിറഞ്ഞ ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്നാണ് ടോട്ടനത്തിന്റെ വിജയ ശില്‍പ്പി. ആദ്യ പാദത്തില്‍ ടോട്ടനത്തിന്റെ വിജയഗോള്‍ നേടിയ സണ്‍ ഹ്യൂങ് മിന്‍ രണ്ടാം പദത്തില്‍ രണ്ടു ഗോളടിച്ചു. ഫെര്‍ണാണ്ടോ യൊറെന്റെയാണ് ടോട്ടനത്തിന്റെ മൂന്നാം ഗോള്‍ നേടിയത്. സിറ്റിക്കായി റഹീം സ്‌റ്റെര്‍ലിങ് ഇരട്ട ഗോള്‍ നേടി. ബെര്‍ണാഡോ സില്‍വ, സെര്‍ജിയോ അഗ്യൂറോ എന്നിവരും ലക്ഷ്യം കണ്ടു.
മത്സരം തുടങ്ങി ആദ്യ 11 മിനിറ്റിനുള്ളില്‍ തന്നെ നാല് ഗോളുകള്‍ പിറന്നു. നാലാം മിനിറ്റില്‍ തന്നെ റഹീം സ്റ്റെര്‍ലിങ്ങിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ലീഡെടുത്തു. ഡി ബ്രുയിന്റെ മനോഹര പാസ്സില്‍ നിന്ന് സ്റ്റെര്‍ലിങ്ങിന്റെ മാരക ഫിനിഷിങ്. എന്നാല്‍ ആ ലീഡിന് മൂന്ന് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്നിലടെ ടോട്ടനം ഒപ്പം പിടിച്ചു. അതിന്റെ ഞെട്ടല്‍ മാറും മുമ്പെ സിറ്റിയുടെ നെഞ്ചു പിളര്‍ത്തി അടുത്ത ഗോളെത്തി. പത്താം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന്‍ തന്നെയാണ് ലക്ഷ്യം കണ്ടത്. ഇത്തവണ പന്ത് ബോക്‌സിന്റെ വലതു മൂലയില്‍. 1-2.
എന്നാല്‍ വിട്ടു കൊടുക്കാന്‍ സിറ്റി തയ്യാറായിരുന്നില്ല. തൊട്ടടുത്ത മിനിറ്റില്‍ ബെര്‍ണാഡോ സില്‍വ സിറ്റിയുടെ ഗോള്‍ കണ്ടെത്തി. ഇതോടെ 11-ാം മിനിറ്റില്‍ മത്സരം 2-2 എന്ന നിലയിലായി. 21-ാ മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് വീണ്ടും ലക്ഷ്യം കണ്ടു. അതും ഡി ബ്രുയിന്റെ പാസ്സില്‍. ഇതോടെ 3-2ന് സിറ്റി മുന്നിലെത്തി.
രണ്ടാം പകുതിയിലും സിറ്റി ഗോള്‍ അടിക്കുന്നത് തുടര്‍ന്നു. 59-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയുടെ നാലാം ഗോള്‍ നേടിയത്. അവിടെയും ഗോളിലേക്കുള്ള പന്ത് കൈമാറിയത് ഡി ബ്രുയിനാണ്. ഈ ഗോളോടെ 4-2 എന്ന ലീഡിലായി ആതിഥേയര്‍.
പക്ഷേ 73-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ യൊറെന്റെയിലൂടെ ടോട്ടനം തിരിച്ചടിച്ചു. 4-3. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-4 എന്ന അവസ്ഥയിലായി. സിറ്റി ഒരു ഗോള്‍ കൂടി കണ്ടെത്തിയില്ലെങ്കില്‍ ടോട്ടനം എവേ ഗോളിന്റെ ആനുകൂല്യത്തില്‍ സെമിയിലെത്തുമെന്ന അവസ്ഥ. എന്നാല്‍ ഇഞ്ചുറി ടൈമില്‍ സ്റ്റെര്‍ലിങ് ഒരു ഗോളടിച്ചതോടെ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ ആവേശം അണപൊട്ടി. സിറ്റി സെമിയിലേക്ക് എന്ന് തോന്നിച്ച നിമിഷം. പക്ഷേ ടോട്ടനം വാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ആ ഗോള്‍ ഓഫ് സൈഡ് എന്ന് വിധി വന്നു. ഇത്തിഹാദ് സ്റ്റേഡിയം ഒരു നിമിഷം നിശബ്ദാമയി. സിറ്റി പുറത്തേക്ക്, ടോട്ടനം സെമിയിലേക്ക്.
Content Highlights: Champions League Quarter Final Second Leg Manchester City vs Tottenham