ആംസ്റ്റർഡാം: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറിന്റ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് വിജയം. ഒന്നിനെതിരേ രണ്ട് ഗോളിന് ഡച്ച് ടീം അയാക്‌സ് ആംസ്റ്റർഡാമിനോട് റയല്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അധികം അവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും കിട്ടിയ അവസരം മുതലെടുക്കാന്‍ റയലിന് കഴിഞ്ഞു.
ആദ്യ പകുതിയുടെ അവസാനം ടഗ്ലിഫിക്കോയിലൂടെ അയാക്‌സ് മുന്നിലെത്തിയതാണ്. എന്നാല്‍ വാറിലൂടെ ആ ഗോള്‍ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി. ഇതോടെ ഗോള്‍ നിഷേധിക്കുകയായിരുന്നു.
പിന്നീട് 60-ാം മിനിറ്റില്‍ കരീം ബെന്‍സെമയിലൂടെ റയല്‍ ലീഡെടുത്തു. വിനീഷ്യസ് ജൂനിയറിന്റെ പാസ് മനോഹരമായൊരു സ്‌ട്രൈക്കിലൂടെ ബെന്‍സെമ വലയിലെത്തിച്ചു. 15 മിനിറ്റിന് ശേഷം അയാക്‌സ് സമനില ഗോള്‍ കണ്ടെത്തി. മൊറോക്കന്‍ സൂപ്പര്‍ സ്റ്റാര്‍ ഹക്കീം സീയെച്ച് ആയിരുന്നു അയാക്‌സിനെ ഒപ്പമെത്തിച്ചത്.
നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റരികെ റയല്‍ വിജയഗോള്‍ കണ്ടെത്തി. മാര്‍ക്കൊ അസെന്‍സിയോ ആയിരുന്നു ഗോള്‍ സ്‌കോറര്‍.
മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ടിനെ ടോട്ടനം ഞെട്ടിച്ചു. ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മന്‍ വമ്പന്‍മാരെ ടോട്ടനം തകര്‍ത്തത്. സണ്‍ ഹ്യൂങ് മിന്‍, വെര്‍ട്ടോഗന്‍, ഫെര്‍ണാണ്ടോ ലോറന്റെ എന്നിവരാണ് ടോട്ടനത്തിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.
Content Highlights: Champions League Football Real Madrid vs Ajax