ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും വിജയം കണ്ടപ്പോള്‍ റയല്‍ മാഡ്രിഡിനെ ടോട്ടന്‍ഹാം സമനിലയില്‍ പിടിച്ചു. ഇറ്റിലായിന്‍ കരുത്തുമായെത്തിയ നാപോളിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. അതേസമയം കുഞ്ഞന്‍ ടീമായ മാരിബോറിനെതിരെ എതിരില്ലാത്ത ഏഴു ഗോളുകളുടെ വമ്പന്‍ വിജയമാണ് ലിവര്‍പൂള്‍ ആഘോഷിച്ചത്.
ഗ്രൂപ്പ് ഇയില്‍ ആദ്യ രണ്ടു മത്സരങ്ങളും സമനിലയിലായി സ്ലോവേനിയയില്‍ മാരിബോറിനെ നേരിട്ട ലിവര്‍പൂള്‍ ആദ്യ രണ്ടു മത്സരങ്ങളിലെയും ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് നടത്തിയത്. ആദ്യ പകുതിയില്‍ തന്നെ നാല് ഗോളിന് മുന്നിലായിരുന്നു ലിവര്‍പൂള്‍. സലാഹും ഫിര്‍മിനോയും ഇരട്ടഗോള്‍ നേടിയപ്പോള്‍ കുട്ടിഞ്ഞോ, അലക്‌സ് ഓക്‌സലൈഡ് ചേമ്പര്‍ലൈന്‍, അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
ആദ്യ പകുതിയില്‍ നാലു ഗോളുകള്‍ നേടിയ ലിവര്‍പൂളിനായി സലാഹ് രണ്ടു ഗോളുകളും ഫിര്‍മിനോ കുട്ടീഞ്ഞോ എന്നിവര്‍ ഗോളുകള്‍ നേടി. ജയത്തോടെ 5 പോയിന്റായ ലിവര്‍പൂള്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി.
അതേസമയം സിറ്റിക്കെതിരെ പോരാടിയാണ് നാപോളി കീഴടങ്ങിയത്. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് നാപോളിക്ക് കനത്ത വില നല്‍കേണ്ടി വന്നു.
ഒമ്പതാം മിനിറ്റില്‍ സിറ്റി സ്വന്തം മൈതാനത്ത് റഹീം സ്റ്റെര്‍ലിങ്ങിലൂടെ ലീഡ് നേടി. ഏറെ വൈകാതെ കെവിന്‍ ഡി ബ്രുയ്‌നിന്റെ പാസ്സില്‍ നിന്ന് ഗബ്രിയേല്‍ ജീസസ് രണ്ടാം ഗോളും നേടി. പിന്നീട് 38-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഡ്രൈ മെര്‍ട്ടന്‍സ് നഷ്ടപെടുത്തിയത് നാപോളിക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയില്‍ സിറ്റിയുടെ ആക്രമണത്തെ പൂര്‍ണമായും തടഞ്ഞ നാപോളി മികച്ച അവസരങ്ങളും സൃഷ്ടിച്ചു. 73-ാം മിനുട്ടില്‍ നാപോളിക്ക് രണ്ടാം പെനാല്‍റ്റി ലഭിച്ചു. ഇത്തവണ കിക്കെടുത്ത ഡയവാരക്കു പിഴച്ചില്ല. സ്‌കോര്‍ 2-1. പിന്നീടും നാപോളി നന്നായി കളിച്ചെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കായില്ല. ജയത്തോടെ ഒമ്പത് പോയിന്റുമായി സിറ്റി ഗ്രൂപ്പില്‍ ഒന്നാമതാണ്.
ഗോള്‍കീപ്പര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ടോട്ടന്‍ഹാം സമനിലയില്‍ പിടിക്കുകയായിരുന്നു. ഓരോ ഗോള്‍ വീതമാണ് ഇരുടീമുകളും നേടിയത്. ടോട്ടനം ഗോളി ഹ്യൂഗോ ലോറിസിന്റെയും റയല്‍ ഗോളി കെയ്‌ലര്‍ നവാസിന്റെയും പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. റയിലാനിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഗോള്‍ നേടിയപ്പോള്‍ റയല്‍ പ്രതിരോധ താരം റാഫേല്‍ വരാന നേടിയ സെല്‍ഫ് ഗോളാണ് ടോട്ടനത്തിന് തുണയായത്. പോയിന്റുകള്‍ പങ്കുവച്ച ഇരു ടീമുകള്‍ക്കും ഏഴു പോയിന്റാണുള്ളത്. ഗ്രൂപ്പില്‍ ഇതോടെ റയലും ടോട്ടനും ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്.