മാഡ്രിഡ്: ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും കരീം ബെന്‍സീമയും ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ അപ്പോളിനെ ഗോള്‍മഴയില്‍ മുക്കി റയല്‍ മാഡ്രിഡ്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളിനായിരുന്നു റയലിന്റെ വിജയം.
മത്സരം തുടങ്ങി 23-ാം മിനിറ്റില്‍ തന്നെ ലൂക്കാ മോഡ്രിച്ച് റയലിനെ മുന്നിലെത്തിച്ചു. പിന്നീട് 39-ാം മിനിറ്റില്‍ കരീം ബെന്‍സിമ ലീഡുയര്‍ത്തിയപ്പോള്‍ രണ്ട് മിനിറ്റിനുള്ളില്‍ നാച്ചോ വീണ്ടും അപ്പോളിനെ ഞെട്ടിച്ചു. ഇതോടെ റയല്‍ മൂന്ന് ഗോളിന് മുന്നിലെത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് റയല്‍ വീണ്ടും വല ചലിപ്പിച്ചു. ഇത്തവണ ബെന്‍സിമയ്ക്കായിരുന്നു ഊഴം.
രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടു തവണ ലക്ഷ്യം കണ്ടതോടെ റയല്‍ വിജയമുറപ്പിച്ചു. 49-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ അഞ്ചു മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും കണ്ടെത്തി.
അതേസമയം മറ്റൊരു മത്സരത്തില്‍ മൂന്നു ഗോളിന് മുന്നില്‍ നിന്ന ശേഷം ലിവര്‍പൂള്‍ സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. സെവിയ്യയാണ് ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കിയത്. രണ്ടാം മിനിറ്റില്‍ തന്നെ റോബര്‍ട്ടൊ ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. 22-ാം മിനിറ്റില്‍ സാഡിയോ മനേ ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി. എട്ടു മിനിറ്റിന് ശേഷം ഫിര്‍മിനോ വീണ്ടും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ മൂന്നു ഗോളിന്റെ ലീഡ് നേടി.
എന്നാല്‍ രണ്ടാം പകുതിയില്‍ കളി സെവിയ്യയുടെ വരുതിയിലാകുകയായിരുന്നു. 51-ാം മിനിറ്റില്‍ വിസാം ബെന്‍ യെഡെറിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച സെവിയ്യെത്തേടി 60-ാം മിനിറ്റില്‍ പെനാല്‍റ്റിയെത്തി. അതും വിസാം ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് മത്സരം തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ പിസാരോയിലൂടെ സെവിയ്യ സമനില ഗോള്‍ നേടുകയായിരുന്നു.
അതേസമയം ഫെയ്‌നോര്‍ഡിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരൊറ്റ ഗോളിന് വിജയിച്ചു. 88-ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ്ങാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്.