ലണ്ടന്‍: ഫുട്ബോളില്‍ ഒരിക്കല്‍ക്കൂടി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്-ബാഴ്സലോണ ക്ലാസിക് പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തിലാണ് പരമ്പരാഗത ശക്തികള്‍ നേര്‍ക്കുനേര്‍വരുന്നത്. മറ്റൊരു ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ് ഡച്ച് ശക്തികളായ അയാക്‌സുമായി കൊമ്പുകോര്‍ക്കും. ബുധനാഴ്ച രാത്രി 12.30-നാണ് മത്സരങ്ങള്‍.
ഓള്‍ഡ് ട്രാഫഡിലെ അങ്കം
സ്വന്തം തട്ടകത്തില്‍ ആത്മവിശ്വാസത്തോടെയാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങുന്നത്. ഒപ്പം പഴയ ചില കണക്കുകള്‍ തീര്‍ക്കാനും ബാക്കിയുണ്ട്. 2009-ലും 2011-ലും കിരീടപോരാട്ടത്തില്‍ യുണൈറ്റഡിനെ വീഴ്ത്തിയത് ബാഴ്സയാണ്. രണ്ടു ഫൈനലിലും ഗോള്‍ നേടിയ ലയണല്‍ മെസ്സി ബാഴ്സയുടെ ഇതിഹാസതാരമായി മാറിക്കഴിഞ്ഞു. യുണൈറ്റഡിന് ആശ്വസിക്കാനുള്ളത് 2007-09ലെ സെമിഫൈനലാണ്. അന്ന് പോള്‍ സ്‌കോള്‍സ് നേടിയ ഗോളില്‍ ബാഴ്സയെ ടീം വീഴ്ത്തി.
കാലം മാറി, ബാഴ്സ വര്‍ത്തമാനഫുട്ബോളിലെ കരുത്തരാണ്. യുണൈറ്റഡാകട്ടെ പഴയ പ്രതാപത്തിന്റെ നിഴലിലും. പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ കരുത്തരായ പി.എസ്.ജി.യെ അവിശ്വസനീയമായരീതിയില്‍ തോല്‍പ്പിച്ചതാണ് ഇംഗ്ലീഷ് ക്ലബ്ബിന് ആത്മവിശ്വാസം പകരുന്നത്. മുന്‍ താരംകൂടിയായ ഒലെ ഗുണ്ണാര്‍ സോള്‍ഷേര്‍ പരിശീലകനായിവന്നത് ഓള്‍ഡ് ട്രാഫഡിലെ അന്തരീക്ഷം മാറ്റിയിട്ടുണ്ട്.
സസ്‌പെന്‍ഷന്‍മാറി പോള്‍ പോഗ്ബ ടീമിലേക്ക് തിരിച്ചെത്തും. മുന്നേറ്റത്തില്‍ മര്‍ക്കസ് റാഷ്ഫോഡ്-റൊമേലു ലുക്കാക്കു-ജെസെ ലിങ്ങാര്‍ഡ് ത്രയമാകും. പോഗ്ബക്കൊപ്പം മാറ്റിച്ചും ആന്‍ഡര്‍ ഹെരേരയുമാകും. പരിക്കുമൂലം അന്റോണിയോ വലന്‍സിയ, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ കളിക്കാനുണ്ടാകില്ല.
സൂപ്പര്‍ താരം മെസ്സിയുടെ തകര്‍പ്പന്‍ ഫോമാണ് ബാഴ്സയുടെ ശക്തി. സ്പാനിഷ് ലീഗില്‍ കിരീടമുറപ്പിച്ച അവര്‍ ചാമ്പ്യന്‍സ് ലീഗിലും ഇത്തവണ തികഞ്ഞ പ്രതീക്ഷയിലാണ്. അവസാന മൂന്ന് സീസണിലും ക്വാര്‍ട്ടറില്‍ തോറ്റതിന്റെ ക്ഷീണം ഇത്തവണ മാറ്റാന്‍ കഴിയുമെന്നാണ് പരിശീലകന്‍ വാല്‍വെര്‍ദെയും കണക്കുകൂട്ടുന്നത്.
മെസ്സിക്കൊപ്പം ഫിലിപ്പ് കുട്ടീന്യോയും ലൂയി സുവാരസും മുന്നേറ്റത്തില്‍ കളിക്കും. ഇവാന്‍ റാക്കിട്ടിച്ച്-സെര്‍ജി ബുസ്‌കെറ്റ്സ്-അര്‍ട്ടൂറോ വിദാല്‍ എന്നിവരാകും മധ്യനിരയില്‍. പരിക്കുള്ള ഒസ്മാനെ ഡെംബല കളിക്കാന്‍ സാധ്യത കുറവാണ്.
ക്രിസ്റ്റ്യാനോ കളിക്കുമോ
ഡച്ച് ക്ലബ്ബിനെതിരേ യുവന്റസ് കളിക്കാനിറങ്ങുമ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കാണ്. പരിക്കുമൂലം വിട്ടുനില്‍ക്കുന്ന പോര്‍ച്ചുഗല്‍ താരം യുവന്റസ് ലൈനപ്പിലുണ്ടാകുമോ. ക്ലബ്ബും പരിശീലകനും ഒന്നും വിട്ടുപറയുന്നില്ല. പരിക്കില്‍നിന്ന് താരം മുക്തനായെന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
പോര്‍ച്ചുഗലിനായി സൗഹൃദമത്സരത്തില്‍ കളിക്കുമ്പോഴാണ് ക്രിസ്റ്റ്യാനോക്ക് പരിക്കേറ്റത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ അത്ലറ്റിക്കോ മഡ്രിഡിനെതിരേ ഹാട്രിക് നേടിയശേഷം സൂപ്പര്‍ താരം ടീമിനായി കളിക്കാനിറങ്ങിയിട്ടില്ല.
എതിരാളിയുടെ തട്ടകത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ യുവന്റസിന് ആശങ്കയൊന്നുമില്ല. ക്രിസ്റ്റ്യാനോയില്ലെങ്കിലും താരസമ്പന്നമാണ് ടീം. മുന്നേറ്റത്തില്‍ മരിയോ മാന്‍സുകിച്ചും പൗളോ ഡിബാലയും ബര്‍ണാഡെഷിയുമുണ്ട്. മധ്യനിരയില്‍ ബ്ലെയ്സ് മാറ്റിയുഡിയും മിര്‍ലേം യാനിക്കും ഫോമിലാണ്. കില്ലിനിയും ബന്നൂച്ചിയും കളിക്കുന്ന പ്രതിരോധം കടുപ്പമേറിയതും.
മറുവശത്ത് അയാക്‌സും മികച്ച ഫോമിലാണ്. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മഡ്രിഡിനെ കീഴടക്കിയാണ് അവരുടെ വരവ്. രണ്ടാംപാദത്തില്‍ 4-1നാണ് അവര്‍ സ്പാനിഷ് ക്ലബ്ബിനെ തകര്‍ത്തുവിട്ടത്. ദുസാന്‍ ടാഡിക്കും ഡേവിഡ് നെരസും ഹക്കീം സിയാച്ചും ചേര്‍ന്ന മുന്നേറ്റനിര കരുത്തുറ്റതാണ്. ഫ്രങ്കി ജോങ് നേതൃത്വം നല്‍കുന്ന മധ്യനിരയും മത്തിയാസ് ലിറ്റും ഡാലി ബ്ലിന്‍ഡും കളിക്കുന്ന പ്രതിരോധവും ശരാശരിക്ക് മുകളിലുള്ളതാണ്.
Content Highlights: Champions League Football Quarter Finals Barcelona vs Manchester United and Juventus vs Ajax