ലണ്ടന്‍: സൂപ്പര്‍ പോരാട്ടങ്ങള്‍ക്കായി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ വിസില്‍ മുഴങ്ങുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദം കടക്കാന്‍ ആദ്യദിനത്തില്‍ മൂന്ന് ഇംഗ്ലീഷ് ടീമുകളാണ് കളത്തിലിറങ്ങുന്നത്. ഒപ്പം പോര്‍ച്ചുഗല്‍ ടീമും. പ്രീമിയര്‍ ലീഗിലെ കരുത്തരായ ടോട്ടനവും മാഞ്ചെസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ മറ്റൊരു ക്വാര്‍ട്ടറില്‍ ലിവര്‍പൂളിന് പോര്‍ട്ടോയാണ് എതിരാളി. ചൊവ്വാഴ്ച രാത്രി 12.30-നാണ് കിക്കോഫ്.
ടോട്ടനം x മാഞ്ചസ്റ്റര്‍ സിറ്റി
ടോട്ടനം പുതുതായി നിര്‍മിച്ച സ്റ്റേഡിയത്തിലാണ് മത്സരം. ഏതാണ്ട് ഒമ്പതിനായിരം കോടി രൂപ ചെലവിട്ടാണ് ടോട്ടനം ഹോട്സ്പര്‍ സ്റ്റേഡിയം പൂര്‍ത്തീകരിച്ചത്. 62,000-ത്തോളം പേര്‍ക്ക് ഇവിടെ കളികാണാം. പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നും ലണ്ടനിലെ ഏറ്റവും വലിയ സ്റ്റേഡിയവുമാണ്. ഏപ്രില്‍ മൂന്നിനാണ് സ്റ്റേഡിയം തുറന്നത്.
സമീപകാലത്തെ ഫോം നോക്കിയാല്‍ സിറ്റിക്ക് മുന്‍തൂക്കമുണ്ട്. ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും മികച്ച രീതിയിലാണ് ടീം കളിക്കുന്നത്. ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ ടീം എഫ്.എ. കപ്പില്‍ ഫൈനലിലെത്തി. പ്രീമിയര്‍ ലീഗിലും കിരീടപോരാട്ടത്തിലാണ്. മികച്ച മധ്യ-മുന്നേറ്റനിരകളാണ് സിറ്റിയുടെ കരുത്ത്. സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ മിന്നുന്ന ഫോമിലുമാണ്. പ്രീമിയര്‍ ലീഗില്‍ ടോട്ടനം സമീപകാലത്ത് മികച്ച ഫോമിലുമല്ല. എന്നാല്‍ മുന്നേറ്റനിരക്കാരായ ഹാരി കെയ്‌നും ഹ്യൂങ് മിന്‍ സണ്ണും നന്നായി കളിക്കുന്നത് ടീമിന് ആശ്വാസം പകരുന്നു.
പോര്‍ട്ടോ x ലിവര്‍പൂള്‍
കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലാണ് ലിവര്‍പൂളും പോര്‍ട്ടോയും മുഖാമുഖം വന്നത്. അന്ന് ഇരുപാദങ്ങളിലുമായി 5-0 ത്തിന് ലിവര്‍പൂള്‍ ജയിച്ചു. ഇത്തവണ പോരാട്ടം ക്വാര്‍ട്ടറിലായി. ആദ്യപാദം ലിവര്‍പൂളിന്റെ തട്ടകത്തിലാണ്.
ചരിത്രത്തില്‍ 14 തവണ ലിവര്‍പൂള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചു. പത്ത് തവണയും ജയം അവര്‍ക്കൊപ്പം നിന്നു. പരിചയസമ്പന്നനായ യര്‍ഗന്‍ ക്ലോപ്പ് പരിശീലിപ്പിക്കുന്ന ടീമിന്റെ ശക്തി സാദിയോ മാനെ-റോബര്‍ട്ടോ ഫിര്‍മിനോ- മുഹമ്മദ് സല എന്നിവര്‍ കളിക്കുന്ന മുന്നേറ്റനിരയാണ്. പ്രതിരോധത്തില്‍ വിര്‍ജില്‍ വാന്‍ഡെയ്ക്കും ജോയല്‍ മാട്ടിപ്പും ഫോമിലാണ്.
മറുവശത്ത് പരിക്കും സസ്‌പെന്‍ഷനും പോര്‍ട്ടോയെ വലയ്ക്കുന്നു. പെപ്പെ, ഹെക്ടര്‍ ഹെരേര എന്നിവര്‍ സസ്പെന്‍ഷന്‍ മൂലം കളിക്കാനുണ്ടാകില്ല. അലക്‌സ് ടെല്ലസിനും വിന്‍സെന്റ് അബൂബക്കര്‍ക്കും പരിക്കുണ്ട്. സ്ട്രൈക്കര്‍ മൗസ മറെഗയുടെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ.
Content Highlights: Champions League Football Quarter Final Manchester City Liverpool