നെയ്മറിനും കവാനിക്കും ഇരട്ടഗോള്‍, ഏഴഴകില്‍ പി.എസ്.ജി


2 min read
Read later
Print
Share

വിജയത്തോടെ ചെല്‍സി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ദിനത്തില്‍ ബാഴ്സലോണയും (0-0) യുവന്റസും സമനിലയില്‍ പിരിഞ്ഞു.

പാരീസ്: അയ്യോ! ഇതെന്തൊരു കളി, ഒമ്പതാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ തുടങ്ങിവെച്ച ഗോളടിമേളം 80-ാം മിനിറ്റില്‍ മറ്റൊരു ബ്രസീലുകാരന്‍ പൂര്‍ത്തിയാക്കുമ്പോള്‍ പി.എസ്.ജി.യുടെ സ്‌കോറിന് മഴവില്ലഴക്. സ്‌കോട്ടിഷ് ചാമ്പ്യന്‍മാരായ കെല്‍റ്റിക്കിനെ (7-1) തോല്‍പ്പിച്ച് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറിനുമുമ്പ് എതിരാളികള്‍ക്ക് അപകടസൂചന നല്‍കി.

വിജയത്തോടെ ചെല്‍സി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ദിനത്തില്‍ ബാഴ്സലോണയും (0-0) യുവന്റസും സമനിലയില്‍ പിരിഞ്ഞു. സ്വിസ് ക്ലബ്ബ് ബാസലിനോട് (1-0) തോറ്റ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിനായി ഇനിയും കാത്തിരിക്കണം.

കളിയുടെ ആദ്യമിനിറ്റില്‍ത്തന്നെ മോസ ഡെംബല പി.എസ്.ജി.യെ ഞെട്ടിച്ചുകൊണ്ട് കെല്‍റ്റിക്കിനായി സ്‌കോര്‍ചെയ്തു. എട്ടു മിനിറ്റുകള്‍ക്കുശേഷം നെയ്മര്‍ പി.എസ്.ജി.യെ ഒപ്പമെത്തിച്ച് ഗോള്‍വേട്ടയ്ക്ക് തുടക്കംകുറിച്ചു. 22-ാം മിനിറ്റില്‍ വീണ്ടും നെയ്മറിന്റെ സുന്ദരബൂട്ട് ചലിച്ചു. നെയ്മറിന്റെ ഇരട്ടഗോളിനു പുറമേ എഡിന്‍സണ്‍ കവാനിയും (28, 79) രണ്ടു ഗോള്‍ നേടി. കെയ്ലിയന്‍ എംബാപെ (35), മാര്‍ക്കോ വെറാറ്റി (75), ഡാനി ആല്‍വസ് (80) എന്നിവര്‍ ഓരോ ഗോളും നേടി. വിജയത്തോടെ എ ഗ്രൂപ്പില്‍ പി.എസ്.ജി. ഒന്നാം സ്ഥാനം ഉറപ്പിച്ചു.

റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി (51), കോറെന്റിന്‍ ടോളിസോ (77) എന്നിവര്‍ ബയറണിനായി സ്‌കോര്‍ചെയ്തപ്പോള്‍ സോഫിയാന്‍ ഹാനിയുടെ (63) വകയായിരുന്നു ആന്‍ഡ്രെലെക്റ്റിന്റെ ഗോള്‍.

എ ഗ്രൂപ്പില്‍നിന്ന് ഇതുവരെ ഒരു ടീമും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടില്ല. തോറ്റെങ്കിലും യുണൈറ്റഡ് തന്നെയാണ് ഗ്രൂപ്പില്‍ മുന്നില്‍. 89-ാം മിനിറ്റില്‍ മൈക്കല്‍ ലാങ് നേടിയ ഗോളിലാണ് ബാസലിന്റെ ജയം. ജോര്‍ജി ഷ്വേനിക്കോവിന്റെ (13) ഗോളും ജാര്‍ഡലിന്റെ സെല്‍ഫ് ഗോളുമാണ് മോസ്‌കോയുടെ പട്ടികയിലുള്ളത്. ഗ്രൂപ്പില്‍ ഒരു മത്സരം ബാക്കിയിരിക്കെ യുണൈറ്റഡിന് 12 പോയന്റും മോസ്‌കോയ്ക്കും ബാസലിനും ഒമ്പതു പോയന്റ് വീതവുമുണ്ട്.

അസര്‍ബെയ്ജാന്‍ ക്ലബ്ബ് കാരബഗിനെതിരായ മത്സരത്തോടെ ചെല്‍സി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ചെല്‍സിക്കായി വില്ല്യന്‍ (36, 85) രണ്ടും ഈഡന്‍ ഹസാര്‍ഡ് (21), സെസ്‌ക് ഫാബ്രിഗസ് (73) എന്നിവര്‍ ഓരോ ഗോളും നേടി.

വിജയത്തോടെ അത്ലറ്റിക്കോ മഡ്രിഡ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. അന്റോയിന്‍ ഗ്രീസ്മാന്‍ (69), കെവിന്‍ ഗമീറോ (85) എന്നിവരുടെ വകയായിരുന്നു അത്ലറ്റിക്കോയുടെ ഗോള്‍. സി ഗ്രൂപ്പില്‍ ചെല്‍സിക്ക് പത്തു പോയന്റുണ്ട്. രണ്ടാമതുള്ള റോമയ്ക്ക് എട്ടും അത്ലറ്റിക്കോയ്ക്ക് ആറും പോയന്റാണുള്ളത്. അവസാനമത്സരത്തില്‍ അത്ലറ്റിക്കോയ്ക്ക് ചെല്‍സിയും റോമയ്ക്ക് കാരബാഗുമാണ് എതിരാളി.

ഡി ഗ്രൂപ്പില്‍ സ്പോര്‍ട്ടിങ് ലിസ്ബണ്‍ (31) ഒളിമ്പ്യാക്കോസിനെ തോല്‍പ്പിച്ചതും ബാഴ്സലോണയോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതും യുവന്റസിന് തിരിച്ചടിയായി. സ്പോര്‍ട്ടിങ്ങിനായി ബാസ് ഡോസ്റ്റ് (40, 66) രണ്ടും ബ്രൂണോ സെസാര്‍ (43) ഒരു ഗോളും നേടി. വാഡി ഒഡിയ ഒഫോ (86) ഒളിമ്പ്യാക്കോസിന്റെ ഗോള്‍ മടക്കി.

ഗ്രൂപ്പില്‍ ബാഴ്സലോണ മാത്രമാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. യുവന്റസിന് എട്ടും സ്പോര്‍ട്ടിങ്ങിന് ഏഴും പോയന്റുണ്ട്. അവസാന ഗ്രൂപ്പ് മത്സരത്തെ ആശ്രയിച്ചാവും ഇരുടീമുകളുടെയും സാധ്യത.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram