ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്. 22, 29 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട മിലാന്‍ പാവ്‌കോവിന്റെ മികവിലായിരുന്നു റെഡ് സ്റ്റാറിന്റെ വിജയം.
22-ാം മിനിറ്റില്‍ ഒരു ബുള്ളറ്റ് ഹെഡറിലൂടെയായിരുന്നു പാവ്‌കോവിന്റെ ആദ്യ ഗോള്‍. 29-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെ ലിവര്‍പൂള്‍ ഗോളിയെ കീഴ്‌പ്പെടുത്തി സെര്‍ബിയന്‍ താരം രണ്ടാം ഗോളും നേടി. റെഡ്‌സ്റ്റാറിന്റെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ വിജയമാണിത്. നേരത്തെ നാപോളിയെ റെഡ് സ്റ്റാര്‍ സമനിലില്‍ പിടിച്ചിരുന്നു.
ഗ്രൂപ്പില്‍ നാല് റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ട് വീതം ജയവും പരാജയവുമാണ് ലിവര്‍പൂളിനുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ കരുത്തന്‍മാര്‍ക്കെതിരെയാണ്. ഗ്രൂപ്പ് സിയില്‍ ഒന്നാമതാണെങ്കിലും നോക്കൗട്ട് യോഗ്യത നേടാന്‍ ലിവര്‍പൂള്‍ വിയര്‍പ്പൊഴുക്കേണ്ടിവരും.
അതേസമയം മറ്റൊരു മത്സരത്തില്‍ ഇന്റര്‍മിലാന്‍ ബാഴ്‌സലോണയെ സമനിലയില്‍ തളച്ചു. അവസാന പത്ത് മിനിറ്റില്‍ പിറന്ന രണ്ട് ഗോളുകളോടെ മത്സരം 1-1ന് അവസാനിക്കുകയായിരുന്നു. ലയണല്‍ മെസ്സിയില്ലാതെയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. 83-ാം മിനിറ്റില്‍ മാല്‍കോമിന്റെ ഗോളിലൂടെ ബാഴ്‌സ ലീഡെടുത്തു. 81-ാം മിനിറ്റില്‍ കളത്തിലിറങ്ങിയതിന് പിന്നാലെയായിരുന്നു മാല്‍കോമിന്റെ ഗോള്‍. എന്നാല്‍ നാല് മിനിറ്റിന്റെ ആയുസേ ഈ ലീഡിനുണ്ടായുള്ളു.
87-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഇക്കാര്‍ഡി ഇന്റര്‍ മിലാന് സമനില നേടിക്കൊടുത്തു. നേരത്തെ ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സ വിജയിച്ചിരുന്നു. ഗ്രൂപ്പില്‍ നാലു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാഴ്‌സലോണക്ക് 10 പോയന്റും ഇന്റര്‍ മിലാന് ഏഴു പോയന്റുമാണ് ഉള്ളത്.