നൗ കാമ്പ്/ ആന്‍ഫീല്‍ഡ്: ചാമ്പ്യന്‍സ് ലീഗ് ക്വീര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ബാഴ്‌സലോണയ്ക്കും ലിവര്‍പൂളിനും വമ്പന്‍ വിജയം. ബാഴ്‌സലോണ ഒന്നിനെതിരെ നാലു ഗോളിന് ഇറ്റാലിയന്‍ കരുത്തരായ എ.എസ് റോമയെ വീഴ്ത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് ലിവര്‍പൂള്‍ വെള്ളം കുടിപ്പിച്ചു.
നൗ കാമ്പില്‍ നടന്ന മത്സരത്തില്‍ ലയണല്‍ മെസ്സിയെ റോമയുടെ പ്രതിരോധ നിരക്ക് പൂട്ടാനായെങ്കിലും ബാഴ്‌സലോണയുടെ വിജയം തടയാനായില്ല. 38-ാം മിനിറ്റില്‍ ഇനിയസ്റ്റ നല്‍കിയ പാസ്സില്‍ ബോക്‌സിനുള്ളില്‍ വെച്ച് ഗോളടിക്കാനുള്ള മെസ്സിയുടെ ശ്രമം തടയവെ റോമയുടെ പ്രതിരോധ താരം ഡി റോസിക്ക് പിഴച്ചു. പന്ത് നേരെ ഗോള്‍പോസ്റ്റിലേക്ക്. അങ്ങനെ സെല്‍ഫ് ഗോളില്‍ ബാഴ്‌സ ലീഡ് നേടി.
പിന്നീട് രണ്ടാം പകുതിയില്‍ കോസ്റ്റ് മൊണാലസായിരുന്നു റോമയുടെ നിര്‍ഭാഗ്യമെഴുതിയത്. ഇത്തവണ ഉംറ്റിറ്റിയുടെ ഗോള്‍ശ്രമം തടയവെ മൊണാലിസിന്റെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. അങ്ങനെ രണ്ടു സെല്‍ഫ് ഗോളില്‍ ബാഴ്‌സ ലീഡ് വര്‍ദ്ധിപ്പിച്ചു. അവസാനം ബാഴ്‌സ കാത്തിരുന്ന നിമിഷം 59-ാം മിനിറ്റിലെത്തി. സുവാരസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ തടഞ്ഞതോടെ റീബൗണ്ട് വന്ന പന്തില്‍ മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ജെറാര്‍ഡ് പിക്വെ ലക്ഷ്യം കാണുകയായിരുന്നു. പോസ്റ്റിന് തൊട്ടടുത്തുവെച്ചായിരുന്നു അത്. കൡതീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ റോമയുടെ പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്ത് ലൂയി സുവാരസ് ലക്ഷ്യം കണ്ടു. 80-ാം മിനിറ്റില്‍ എഡിന്‍ സീക്കോ നേടിയ ഗോള്‍ മാത്രമാണ് റോമയ്ക്ക് ആശ്വസിക്കാനുള്ളത്. ഇനി രണ്ടാം പാദം റോമയുടെ ഗ്രൗണ്ടില്‍ ബുധനാഴ്ച്ച നടക്കും.
ആന്‍ഫീല്‍ഡില്‍ നടന്ന കരുത്തന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ചിത്രത്തിലേ ഇല്ലാതാക്കി ലിവര്‍പൂള്‍ നിറഞ്ഞുകളിച്ചു. 12-ാം മിനിറ്റില്‍ തന്നെ മുഹമ്മദ് സലാഹിലൂടെ ലിവര്‍പൂള്‍ ലീഡ് നേടി. എട്ടു മിനിറ്റിനുള്ളില്‍ ചേംബര്‍ലെയ്ന്‍ ലീഡ് വര്‍ദ്ധിപ്പിച്ചു. 31-ാം മിനിറ്റില്‍ സാഡിയോ മാനേയുടെ അവസരമായിരുന്നു. ഇതോടെ ലിവര്‍പൂള്‍ 3-0ത്തിന്റെ ലീഡ് പിടിച്ചു. രണ്ടാം പകുതിയില്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാന്‍ സിറ്റി ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ബുധനാഴ്ച്ച സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ രണ്ടാം പാദ മത്സരം നടക്കും.
Content Highlights: Champions league Football Barcelona and Liverpool Won