ക്യാമ്പ് നൗവില്‍ ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് സ്ലാവിയ പ്രാഹ്


1 min read
Read later
Print
Share

ക്യാമ്പ് നൗവില്‍ സുവാരസിന്റെ അഭാവത്തിലും മെസ്സിയും ഗ്രീസ്മാനും ഡെംബലെയുമെല്ലാം അണിനിരന്ന ബാഴ്‌സയ്ക്ക്, സ്ലാവിയ പ്രാഹിനെതിരേ ഒരു ഗോള്‍ പോലും നേടാനായില്ല

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ സ്വന്തം മൈതാനത്ത് വിജയത്തോളം പോന്ന സമനിലയുമായി ചെക്ക് റിപ്പബ്ലിക് ക്ലബ്ബ് സ്ലാവിയ പ്രാഹ്. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

ക്യാമ്പ് നൗവില്‍ സുവാരസിന്റെ അഭാവത്തിലും മെസ്സിയും ഗ്രീസ്മാനും ഡെംബലെയുമെല്ലാം അണിനിരന്ന ബാഴ്‌സയ്ക്ക്, സ്ലാവിയ പ്രാഹിനെതിരേ ഒരു ഗോള്‍ പോലും നേടാനായില്ല. 2018 ഫെബ്രുവരിയില്‍ ഗെറ്റാഫെയ്ക്ക് ശേഷം ബാഴ്‌സയെ അവരുടെ മൈതാനത്ത് ഗോള്‍ നേടാന്‍ സമ്മതിക്കാത്ത ആദ്യ ടീമെന്ന നേട്ടവും ചെക്ക് ക്ലബ്ബ് സ്വന്തമാക്കി.

ഗ്രൂപ്പില്‍ ഇന്റര്‍ മിലാനെയും സ്ലാവിയ സമനിലയില്‍ തളച്ചിരുന്നു. ആദ്യ പകുതിയുടെ അധികസമയത്ത് ടെര്‍‌സ്റ്റേഗനെ മറികടന്ന് പന്ത് വലയിലെത്തിയെങ്കിലും ലൈന്‍ റഫറി ഓഫ്‌സൈഡ് വിളിച്ചത് ബാഴ്‌സയ്ക്ക് ആശ്വാസമായി. മെസ്സിയുടെ ഒരു ഷോട്ട് ബാറില്‍ തട്ടി മടങ്ങിയതൊഴിച്ചാല്‍ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാന്‍ ബാഴ്‌സയ്ക്കായില്ല.

നേരത്തെ ചെക്ക് ക്ലബ്ബിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ ബാഴ്‌സ 2-1 ന്റെ വിജയം നേടിയിരുന്നു. ഗ്രൂപ്പില്‍ നാലു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും രണ്ടു സമനിലയുമായി എട്ടു പോയന്റോടെ ബാഴ്‌സയാണ് ഒന്നാമത്.

Content Highlights: Champions League FC Barcelona Goalless against Slavia Prague at Camp Nou

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram