യുണൈറ്റഡിനെ തകര്‍ത്ത് ബാഴ്‌സ സെമിയില്‍; റയലിനു പിന്നാലെ യുവെന്റസിനും അയാക്‌സിന്റെ ഷോക്ക്


2 min read
Read later
Print
Share

2015-ന് ശേഷം ബാഴ്‌സ ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടക്കുന്നത്.

ബാഴ്‌സലോണ: ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍. ബാഴ്‌സയുടെ മൈതാനമായ നൗക്യാമ്പില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം.

ഇരുപാദങ്ങളിലുമായി 4-0 ന്റെ വിജയം നേടിയാണ് ബാഴ്‌സയുടെ സെമി പ്രവേശനം. യുണൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫഡില്‍ നടന്ന ആദ്യപാദത്തില്‍ ലൂക്ക് ഷോയുടെ സെല്‍ഫ് ഗോളില്‍ ബാഴ്‌സ വിജയിച്ചിരുന്നു. 2015-ന് ശേഷം ബാഴ്‌സ ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടക്കുന്നത്. മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ ഒരു ഗോള്‍ ഫിലിപ്പെ കുടീഞ്ഞ്യോ നേടി.

മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുന്നേറ്റമായിരുന്നു. പോഗ്ബ നല്‍കിയ പാസില്‍ നിന്ന് റാഷ്‌ഫോര്‍ഡിന്റെ ഷോട്ട് ബാറില്‍ തട്ടി പുറത്ത് പോയത് കണ്ട് ബാഴ്‌സ തുടക്കത്തില്‍ തന്നെ ഞെട്ടി. യുണൈറ്റഡ് വീണ്ടും മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. എന്നാല്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയ ബാഴ്‌സ 16-ാം മിനിറ്റില്‍ തന്നെ യുണൈറ്റഡിനെ ഞെട്ടിച്ചു.

പന്ത് ക്ലിയര്‍ ചെയ്യാനുള്ള യുണൈറ്റഡ് ഡിഫന്‍സിന്റെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച മെസ്സി ഇടംകാലുകൊണ്ട് ഗോള്‍ കീപ്പര്‍ ഡിഹിയയെ നിസ്സഹായനാക്കി അത് വലയിലെത്തിച്ചു.

ആദ്യ ഗോളിന്റെ ആഘാതത്തില്‍ നിന്ന് യുണൈറ്റഡ് ഉണരും മുന്‍പേ ഇത്തവണ മെസ്സിയുടെ വലംകാല്‍ അടുത്ത പ്രഹരവും ഏല്‍പ്പിച്ചു. 20-ാം മിനിറ്റില്‍ യുണൈറ്റഡ് പ്രതിരോധത്തെ വെട്ടിച്ച് മെസ്സി വലംകാലുകൊണ്ട് തൊടുത്ത അത്ര ശക്തമല്ലാത്ത ഷോട്ട് തടയുന്നതില്‍ ഡിഹിയക്ക് പിഴയ്ക്കുകയായിരുന്നു. ബാഴ്‌സ രണ്ട് ഗോളിന് മുന്നില്‍. ഇതിനിടെ 10-ാം മിനിറ്റില്‍ റാക്കിട്ടിച്ചിനെ ഫ്രെഡ് ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍ യുണൈറ്റഡ് താരങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വാര്‍ പരിശോധിച്ച റഫറി പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് ബാഴ്‌സ മൂന്നു ഗോളിന് മുന്നിലെത്തേണ്ടതായിരുന്നു. മെസ്സി തുടങ്ങിവെച്ച ഒന്നന്തരമൊരു മുന്നേറ്റത്തിനൊടുവില്‍ ജോര്‍ഡി ആല്‍ബയുടെ ക്രോസില്‍ നിന്ന് സെര്‍ജിയോ റോബര്‍ട്ടോയുടെ ഷോട്ട് ഡിഹിയ തടയുകയായിരുന്നു.

രണ്ടാം പകുതിയിലും ബാഴ്‌സയുടെ ആധിപത്യത്തിന് മാറ്റമൊന്നും ഉണ്ടായില്ല. 61-ാം മിനിറ്റില്‍ 25 വാര അകലെ നിന്ന് തൊടുത്ത ഒരു ഷോട്ടിലൂടെ കുടീഞ്ഞ്യോ ബാഴ്‌സയുടെ ഗോള്‍ പട്ടിക തികയ്ക്കുകയും തന്റെ ഗോള്‍ ക്ഷാമത്തിന് അറുതിവരുത്തുകയും ചെയ്തു.

ആദ്യം റയല്‍, ഇപ്പോള്‍ യുവെന്റസ്

ടൂറിന്‍: റൊണാള്‍ഡോയുടെ മുന്‍ ക്ലബ്ബിന് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ച ഡച്ച് ശക്തികളായ അയാക്‌സ് താരത്തിന്റെ നിലവിലെ ടീമിനെയും പുറത്താക്കി.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാംപാദ മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവെന്റസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ച് അയാക്‌സ് സെമിയില്‍ കടന്നു.

ഡോണി വാന്‍ ഡി ബീക്കും ആണ് അയാക്‌സിന്റെ ഗോളുകള്‍ നേടിയത്. യുവെന്റസിന്റെ ഗോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നായിരുന്നു.

മത്സരം ആരംഭിച്ചതിനു പിന്നാലെ തന്നെ അയാക്‌സ് കളംപിടിക്കുന്നതാണ് കണ്ടത്. എന്നാല്‍ 28-ാം മിനിറ്റില്‍ പിയാനിക്കിന്റെ പാസ് വലയിലെത്തിച്ച് റൊണാള്‍ഡോ യുവെന്റസിനെ മുന്നിലെത്തിച്ചു. ആ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല. ആറു മിനിറ്റുകള്‍ക്കു ശേഷം വാന്‍ ഡി ബീക്ക് അയാക്‌സിന് സമനില നേടിക്കൊടുത്തു.

ആദ്യ പകുതിക്കു ശേഷം ഇരു ടീമുകളും ലീഡ് നേടാനുള്ള ശ്രമത്തിലായിരുന്നു. യുവെയുടെ മൈതാനത്ത് മികച്ച ഒത്തിണക്കം കാണിച്ച അയാക്‌സ് ഒടുവില്‍ അവരെ ഞെട്ടിച്ച് 67-ാം മിനിറ്റില്‍ വിജയഗോള്‍ നേടി. ഷോണെയുടെ അസിസ്റ്റില്‍ നിന്ന് മാത്തിയിസ് ഡി ലിറ്റാണ് യുവെയുടെ ഹൃദയം തകര്‍ത്ത ഗോള്‍ നേടിയത്.

നേരത്തെ അയാക്സിന്റെ സ്വന്തം മൈതാനമായ ആംസ്റ്റര്‍ഡാം അരീനയില്‍ നടന്ന ആദ്യപാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചിരുന്നു.

Content Highlights:champions league barcelona beat manchester united juventus are out by ajax defeat

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram