പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളുടെ പോരാട്ടത്തില്‍ ലിവര്‍പൂളിനെ മറികടന്ന് ഫ്രഞ്ച് കരുത്തരായ പി.എസ്.ജി.
പാരീസില്‍ മികച്ച പ്രകടനം പുറത്തെടുത്ത ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പി.എസ്.ജി തോല്‍പ്പിച്ചത്. തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്താകലിന്റെ വക്കിലാണ് ലിവര്‍പൂള്‍.
13-ാം മിനിറ്റില്‍ യുവാന്‍ ബെര്‍നറ്റിലൂടെ പി.എസ്.ജിയാണ് ആദ്യം മുന്നിലെത്തിയത്. 37-ാം മിനിറ്റില്‍ നെയ്മറിലൂടെ അവര്‍ ലീഡുയര്‍ത്തി. ആദ്യ പകുതി അവസാനിക്കും മുന്‍പ് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ജെയിംസ് മില്‍നറാണ് ലിവര്‍പൂളിനായി ഗോള്‍ മടക്കിയത്.
തോല്‍വിയോടെ ലിവര്‍പൂളിന്റെ നോക്കൗട്ട് സാധ്യതകള്‍ മങ്ങി. ഇതോടെ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ അവസാന മത്സരത്തില്‍ നാപ്പോളിയോട് അവർക്ക് രണ്ടു ഗോളിനെങ്കിലും വിജയിക്കണം. ഗ്രൂപ്പ് സിയില്‍ അഞ്ചു കളികളില്‍ നിന്ന് ആറു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റുള്ള നാപ്പോളിയാണ് ഒന്നാമത്.
മൊണാക്കോയെ മറികടന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് നോക്കൗട്ടില്‍
മാഡ്രിഡ്: സ്വന്തം മൈതാനത്ത് ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ കടന്നു.
രണ്ടാം മിനിറ്റില്‍ കോക്കെയാണ് അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. 24-ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്‍ രണ്ടാം ഗോളും കണ്ടെത്തി. തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു അത്‌ലറ്റിക്കോയുടെ മൈതാനത്ത് കണ്ടത്.
പന്ത് കൈകൊണ്ട് തൊട്ടതിന് 82-ാം മിനിറ്റില്‍ സ്റ്റെഫാന്‍ സാവിച്ച് ചുവപ്പു കാര്‍ഡ് കണ്ടത് അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായി. ഇതിന് ലഭിച്ച പെനാല്‍റ്റി റദമേല്‍ ഫാല്‍കാവോ നഷ്ടപ്പെടുത്തുകയും ചെയ്തു. ജയത്തോടെ ഗ്രൂപ്പ് എയില്‍ 12 പോയിന്റോടെ അത്‌ലറ്റിക്കോയാണ് മുന്നില്‍.
മറ്റു മത്സരങ്ങളില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെ ടോട്ടനം ഹോട്ട്‌സ്പര്‍ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യന്‍ എറിക്‌സനാണ് 80-ാം മിനിറ്റില്‍ ടോട്ടനത്തിനായി സ്‌കോര്‍ ചെയ്തത്. നാപ്പോളി ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയും എഫ്.സി പോര്‍ട്ടോ ഷാല്‍ക്കയെയും തോല്‍പിച്ചു.
Content Highlights: champions league tletico-madrid and psg in knockout