റോം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് യുവന്റസിന്റെ മുന്നേറ്റം. ആദ്യ പാദത്തില്‍ 2-0ത്തിന് തോറ്റിരുന്ന യുവന്റസ് വന്‍തിരിച്ചുവരവാണ് നടത്തിയത്. ക്രിസ്റ്റ്യാനോയുടെ ഹാട്രികില്‍ യുവന്റസ് ഇരുപാദങ്ങളിലുമായി 3-2ന് വിജയിച്ചു.
ഗോഡിനും ഗിമിനസുമടങ്ങുന്ന അത്‌ലറ്റിക്കോയുടെ പ്രതിരോധനിരയെ കാഴ്ച്ചക്കാരാക്കിയായിരുന്നു ക്രിസ്റ്റ്യാനോയുടെ താണ്ഡവം. 27-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ ആദ്യ ഗോള്‍ നേടി. ബെര്‍ണാഡസ്‌കിയുടെ ക്രോസില്‍ ഹെഡ് ചെയ്ത് പോര്‍ച്ചുഗീസ് താരം അത്‌ലറ്റിക്കോയുടെ വല ചലിപ്പിച്ചു.
രണ്ടാം പകുതിയിലും ക്രിസ്റ്റ്യാനോ ഹെഡ്ഡറിലൂടെ ഗോള്‍ നേടി. കാന്‍സെലോയുടെ ക്രോസില്‍ നിന്ന് വന്ന ഹെഡ്ഡര്‍ ഒബ്ലക് സേവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് ഗോള്‍വല കടന്നു. ഇതോടെ സ്‌കോര്‍ 2-2 എന്ന നിലയിലായി. തൊട്ടുപിന്നാലെ ഡിബാലെയേയും കീനിനേയും ഗ്രൗണ്ടിലിറക്കി യുവന്റസ് കൂടുതല്‍ ആക്രമണത്തിലേക്ക് നീങ്ങി.
ഇതിന്റെ ഫലം 86-ാം മിനിറ്റില്‍ ലഭിച്ചു.യുവന്റസിന് അനുകൂലമായ പെനാല്‍റ്റി. ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷ്യം തെറ്റിയില്ല. 3-2ന് അത്‌ലറ്റിക്കോയെ മറികടന്ന് യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്.
ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ നേടുന്ന എട്ടാമത്തെ ഹാട്രിക് ഗോളാണിത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് എന്ന നേട്ടത്തില്‍ ക്രിസ്റ്റ്യാനോ ലയണല്‍ മെസ്സിക്കൊപ്പമെത്തി. അതോടൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമിനെതിരേ രണ്ട് ഹാട്രിക് നേടുന്ന ആദ്യ താരമെന്ന റെക്കോഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ മുമ്പും ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയിട്ടുണ്ട്.
Content Highlights: Champions League 2019 Juventus Cristiano Ronadlo Hat trick